തൃശൂര്‍ കയ്പമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊന്ന ശേഷം മൃതദേഹം ആംബുലന്‍സില്‍ ഉപേക്ഷിച്ച കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ള മൂന്നു പേരാണ് അറസ്റ്റിലായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കോയമ്പത്തൂര്‍ സ്വദേശിയായ അരുണ്‍ എന്ന ചാള്‍സ് ബെഞ്ചമിന്‍ ആണ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ അഴീക്കല്‍ സ്വദേശിയായ ഐസ് ഫാക്ടറി ഉമട മുഹമ്മദ് സാദിഖ്, അരുണിന് നല്‍കിയ പത്തു ലക്ഷം രൂപ തിരിച്ചുപിടിക്കാനായിരുന്നു ശ്രമം. അരുണിനെ കോയമ്പത്തൂരില്‍ നിന്ന് തൃശൂരിലേക്ക് വിളിച്ചു വരുത്തി. അരുണിനൊപ്പം സുഹൃത്ത് ശശാങ്കനുമുണ്ടായിരുന്നു. ഇരുവരേയും തൃശൂര്‍ വട്ടണാത്രയിലെ എസ്റ്റേറ്റിനകത്തിട്ട് മര്‍ദ്ദിച്ചവശരാക്കി. പിന്നീട്, കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്പല്ലൂരിലേക്ക് കൊണ്ടുവന്നു. ക്വട്ടേഷന്‍ സംഘാംഗത്തിന്റെ വീട്ടില്‍ ബന്ദിയാക്കി. രാത്രിയോടെ അബോധാവസ്ഥയിലായ അരുണിനെ ആംബുലന്‍സ് വിളിച്ചു വരുത്തി അപകടമാണെന്ന് ബോധിപ്പിച്ച് ആശുപത്രിയില്‍ എത്തിച്ചു. പ്രതികള്‍ മുങ്ങി.
ഐസ് ഫാക്ടറി ഉടമയുടെ ക്വട്ടേഷന്‍ പ്രകാരമായിരുന്നു തട്ടിക്കൊണ്ടുപോകലും ബന്ദിയാക്കലും. കസ്റ്റഡിലുള്ള ഒരാള്‍ കണ്ണൂര്‍ സ്വദേശിയാണ്. മറ്റു നാലു പേരും കയ്പമംഗലം സ്വദേശികളും. മുഖ്യപ്രതിയായ ഐസ് ഫാക്ടറി ഉടമ ഒളിവിലാണ്. റൈസ് പുള്ളര്‍ നിക്ഷേപ പദ്ധതിയില്‍ വന്‍ലാഭം കൊയ്യാമെന്ന് മോഹിപ്പിച്ച് പത്തു ലക്ഷം രൂപ സാദിഖ്, അരുണ്‍ മുഖേന നിക്ഷേപിച്ചിരുന്നു. ഇതു തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്.