തൃശൂര്‍ വാണിയമ്പാറയില്‍ ഗൃഹപ്രവേശം കഴിഞ്ഞതിന്‍റെ ആറാം നാള്‍ വീട് കത്തിനശിച്ചു. വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. തീപിടിത്തത്തിന്‍റെ കാരണം ഇനിയും വ്യക്തമല്ല.
തൃശൂര്‍ വാണിയമ്പാറ കല്ലുംകുന്നില്‍ സുനില്‍, ഉണ്ണിമായ ദമ്പതികളുടെ വീടാണ് കത്തിനശിച്ചത്. ആറു ദിവസം മുമ്പായിരുന്നു ഗൃഹപ്രവേശം. ലൈഫ് പദ്ധതിപ്രകാരം നിര്‍മിച്ച വീടാണ്. സുനില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. ദമ്പതികള്‍ പുറത്തുപോയ സമയത്തായിരുന്നു അഗ്നിബാധ. ഇവരുടെ മക്കള്‍ ബന്ധുവീട്ടിലായിരുന്നു. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് അഗ്നിരക്ഷാസേനയെ വിളിച്ചത്.
വീടിനകത്തെ ഹാള്‍ പൂര്‍ണമായും കത്തിനശിച്ചു. ഗൃഹോപകരണങ്ങളും കത്തിയമര്‍ന്നു. സ്വിച്ച് ബോര്‍ഡുകളും നശിച്ച നിലയിലാണ്. മുറികളിലെ ടൈലുകളും പൊട്ടിത്തെറിച്ചു. റവന്യൂ ഉദ്യോഗസ്ഥര്‍ വിവമരറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. അഗ്നിബാധയുടെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.