kochi-vennala-rape

ചാത്തൻസേവയുടെ മറവിൽ ലൈംഗിക പീഡനം നടത്തിയ ജോല്‍സ്യന്‍ പ്രഭാത് തട്ടിച്ചത് ലക്ഷങ്ങള്‍. വശ്യകുങ്കുമം, വശ്യകണ്‍മഷി, വശ്യയന്ത്രം എന്നിവയുടെ പേരിലാണ് പണം തട്ടിയത്.  ലൈംഗിക പീഡനത്തിന് പുറമെ സ്ത്രീകളില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയെന്നും പൊലീസ് കണ്ടെത്തി. സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് ഇരകളെ കണ്ടെത്തിയിരുന്നത്.  തൃശൂരും വെണ്ണലയിലുമാണ് പൂജയും ചാത്തന്‍സേവയും നടന്നിരുന്നത്. പ്രഭാതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. 

Read Also; ‘ലൈംഗിക പീഡനം പുറത്തു പറഞ്ഞാല്‍ കൊല്ലും; ചാത്തന്‍ കോപിക്കും’; ഞെട്ടിക്കുന്ന വിവരങ്ങള്‍

ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യന്‍ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ‌‌‌‌പീഡന വിവരം പുറത്തുപറഞ്ഞാല്‍ ചാത്തന്‍ വധിക്കുമെന്നും വീട്ടമ്മയെ ഭീഷണിപ്പെടുത്തി. ഭര്‍ത്താവുമായി അകന്ന് കഴിഞ്ഞിരുന്ന വീട്ടമ്മയെ ഭര്‍ത്താവുമായി ഒന്നിപ്പിക്കാനെന്ന പേരിലായിരുന്നു പ്രഭാതിന്റെ ചാത്തന്‍സേവ. സമൂഹമാധ്യമത്തിലൂടെയാണ് ജ്യോത്സ്യന്‍റെ സിദ്ദികളെ കുറിച്ച് വീട്ടമ്മ അറിയുന്നത്. പ്രശ്നങ്ങള്‍ അറിയിച്ചതോടെ ഒരു പൂജ നടത്തിയാല്‍ പരിഹാരം കാണാമെന്ന് ജ്യോത്സ്യന്‍റെ ഉറപ്പ്. വാക്കുകേട്ട് വിശ്വസിച്ച വീട്ടമ്മ വലിയൊരു തുക മുടക്കി പൂജ നടത്തി. 

 

മെയ്മാസത്തില്‍ ജ്യോത്സ്യന്‍റെ തൃശൂരിലേ കേന്ദ്രത്തിലായിരുന്നു വിപുലമായ പൂജ. പൂജ കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും വീട്ടമ്മയുടെ കുടുംബപ്രശ്നം തീര്‍ന്നില്ല. ഇതോടെ ജ്യോത്സ്യനെ വീണ്ടും സമീപിച്ചു. പൂജയില്‍ ചാത്തന് തൃപ്തിയില്ലെന്നും മറ്റൊരു പൂജ കൂടി നടത്തണമെന്നും ജ്യോത്സ്യന്‍. ഇതിനായി ജൂണില്‍ വെണ്ണലയിലുള്ള കേന്ദ്രത്തിലേക്ക് വീട്ടമ്മയെ വിളിച്ചുവരുത്തിയായിരുന്നു പൂജയുടെ മറവിലുള്ള പീഡനം. പീഡിപ്പിച്ച വിവരം പുറത്തുപറഞ്ഞാല്‍ ചാത്തന്‍ വധിക്കുമെന്ന് വീട്ടമ്മയെ ഭീഷണിപ്പെടുത്തി. 

കടുത്ത മാനസിക സമ്മര്‍ദത്തിലായ വീട്ടമ്മ പിന്നീട് പൊലീസിെന സമീപിക്കുകയായിരുന്നു. പാലാരിവട്ടം പൊലീസിന്‍റെ അന്വേഷണത്തില്‍ പ്രഭാതിനെ തൃശൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പൂജകളെന്ന നിലയില്‍ സമൂഹമാധ്യമങ്ങളിലടക്കം പരസ്യം നല്‍കിയാണ് ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജ്യോത്സ്യനെ അടുത്ത ദിവസം കസ്റ്റ‍ഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.