thrissur-atm-robbery-2

തൃശൂരില്‍ വന്‍ എ.ടി.എം കൊള്ള. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളില്‍  നിന്ന് 65 ലക്ഷം രൂപ കവര്‍ന്നു. കാറിലെത്തിയ നാലംഗസംഘം  ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎമ്മുകള്‍ തകര്‍ത്തത്. പുലര്‍ച്ചെ രണ്ടിനും നാലിനും മധ്യേയാണ് കൊള്ള. സിസിടിവി കാമറകളില്‍ കറുത്ത പെയിന്റ് സ്പ്രേ ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കവര്‍ച്ചാസംഘമെത്തിയത് വെള്ള നിറത്തിലുള്ള കാറിലാണ്. കാറിന്റെ ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു. മോഷണം നടത്തിയ പ്രഫഷനല്‍ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്. മോഷ്ടാക്കള്‍ സഞ്ചരിച്ച കാറിനെക്കുറിച്ചും സൂചന ലഭിച്ചു.പാലക്കാട്, കോയമ്പത്തൂര്‍, കൃഷ്ണഗിരി ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. അവിടെ നടന്ന കവര്‍ച്ചകളുമായി ബന്ധമുണ്ടെന്ന് സംശയമെന്നും കമ്മിഷണര്‍. കഴിഞ്ഞമാസം ആ‍ന്ധ്ര കടപ്പയില്‍ സമാനമായ കവര്‍ച്ച നടന്നതായും വിവരം.

 

എസ്ബിഐ എടിഎമ്മുകളാണ് കൊളളയടിച്ചത്. മോഷ്ടാക്കള്‍ എടിഎം തകര്‍ത്തതോടെ എടിഎമ്മില്‍ നിന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശമെത്തുകയായിരുന്നു. പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിച്ചു. രാത്രി പട്രോള്‍ നടത്തുന്ന പൊലീസ് സംഘം എത്തുമ്പോഴേക്കും പ്രതികള്‍ പണവുമായി കടന്നിരുന്നു. പിന്നില്‍ ഇതരസംസ്ഥാനക്കാരാണെന്നാണ് സംശയം.

മാപ്രാണത്തെ എടിഎമ്മാണ് ആദ്യം കവര്‍ച്ചചെയ്യപ്പെട്ടത്. ഇവിടെനിന്ന് 30 ലക്ഷം കവര്‍ന്ന മോഷ്ടാക്കള്‍ പിന്നാലെ കോലഴിയിലെത്തിയ മോഷ്ടാക്കള്‍ എടിഎം തകര്‍ത്ത് 25 ലക്ഷം കവര്‍ന്നു. കോലഴിയിലേക്കുള്ള യാത്രാമധ്യേ ഷൊര്‍ണൂര്‍ റോഡിലെ എടിഎം തകര്‍ത്ത് പത്തുലക്ഷത്തോളം കവര്‍ന്നു. മാപ്രാണത്തുനിന്ന് കോലഴിയിലേക്ക് 26 കിലോമീറ്ററാണ് ദൂരം. ഈ വഴിയിലാണ് ഷൊര്‍ണൂര്‍ റോഡ് എടിഎമ്മും സ്ഥിതി ചെയ്യുന്നത്. മോഷ്ടാക്കള്‍ക്കായി ജില്ലാ അതിര്‍ത്തികളിലടക്കം കര്‍ശന തിരച്ചില്‍ തുടരുകയാണ്. 

ENGLISH SUMMARY:

A major ATM robbery occurred in Thrissur early Friday morning. A gang of four thieves who arrived in a white car targeted three ATMs, using a gas cutter to break them open.The ATMs, all of them belonging to the State Bank of India (SBI), were located in Mapranam, Kolazhy, and Shornur Road near Swaraj Round. The heist took place between 2 am and 4 am on Friday. Approximately Rs 65 lakh was stolen from the machines.