car-container-new

TOPICS COVERED

തൃശൂരിലെ നാലിടങ്ങളില്‍ പുലര്‍ച്ചെ നടന്ന എടിഎം കൊള്ളയില്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. സിനിമയെ തോല്‍പ്പിക്കുന്ന തരത്തിലുള്ള ആക്ഷന്‍ പ്ലാനാണ് മോഷ്ടാക്കള്‍ നടപ്പിലാക്കിയത്. പുലര്‍ച്ചെ രണ്ടരയോടെയാണ് മാപ്രാണത്ത് മോഷ്ടാക്കളെത്തിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ എടിഎമ്മിലെ പണം കൈക്കലാക്കിയ സംഘം അര മണിക്കൂറിന് ശേഷം 3.02 ഓടെ ഷൊര്‍ണൂര്‍ റോഡിലെ എടിഎമ്മിലും സമാന രീതിയില്‍ ഗ്യാസ് കട്ടറുപയോഗിച്ച് കവര്‍ച്ച നടത്തി. അവിടെ നിന്നും നേരെ വടക്കാ‍ഞ്ചേരി വഴി കോലഴിയിലേക്ക്. കൃത്യം അരമണിക്കൂറിന് ശേഷം 3.30ഓടെ കോലഴിയിലെ എസ്ബിഐ എടിഎമ്മിലും കവര്‍ച്ച നടത്തി സംഘം കടന്നു. വെറും പത്തുമിനിറ്റ് മാത്രമാണ് കൊള്ളസംഘം ഓരോ എടിഎമ്മിലും ചെലവഴിച്ചതെന്ന് പൊലീസ് പറയുന്നു. 

65 ലക്ഷം വരുന്ന കവര്‍ച്ചാ സംഘം കാര്‍ നേരെ എസ്.കെ ലോജിസ്റ്റിക്സിന്‍റെ കണ്ടെയ്നറിലേക്ക് ഓടിച്ചു കയറ്റി. എസ്.കെ ലോജിസ്റ്റിക്സിന്‍റെ തന്നെ കണ്ടെയ്നറാണോ അതോ അവരുടെ പേരില്‍ രക്ഷപെടാന്‍ സ്റ്റിക്കര്‍ പതിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. മോഷ്ടിച്ച കാറുമായാണോ പ്രതികള്‍ എത്തിയതെന്നതിലും പൊലീസ് അന്വേഷണം നടക്കുകയാണ്. കോയമ്പത്തൂര്‍വഴിയാണ് കൊള്ളസംഘം തമിഴ്നാട്ടിലേക്ക് കടന്നത്.  കൊള്ള നടന്നതായി കണ്ടെത്തിയതിന് പിന്നാലെ കേരള പൊലീസ് തമിഴ്നാട് പൊലീസിനും വിവരം കൈമാറിയിരുന്നു.  Read More: എടിഎം കവര്‍ച്ചാസംഘം പിടിയില്‍

പോകുന്നവഴിയില്‍ അപകടമുണ്ടായതോടെ തിരക്കഥ പാളി. വാഹനം ഇടിച്ചതോടെ കൊള്ളസംഘം കണ്ടെയ്നര്‍ ലോറി നിര്‍ത്താതെ പോയി. ഇതോടെ സംശയം തോന്നിയ തമിഴ്നാട് പൊലീസ് കണ്ടെയ്നറിനെ പിന്തുടരുകയായിരുന്നു. ഒടുവില്‍  നാമക്കലിലെ പള്ളിപ്പാളയത്ത് വച്ച് ഏറ്റുമുട്ടലിലൂടെ  സംഘത്തെ പിടികൂടി.  Also Read: സംഘമെത്തിയത് വെള്ളക്കാറില്‍

പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊള്ളസംഘത്തിലെ ഒരാള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് കാലിന് വെടിയേല്‍ക്കുകയും ചെയ്തു. കൊള്ളസംഘത്തെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ലോറി പരിശോധിച്ചപ്പോള്‍ കവര്‍ച്ച നടത്താന്‍ ഉപയോഗിച്ച ആയുധങ്ങളടക്കം പൊലീസ് കണ്ടെടുത്തു. 

ENGLISH SUMMARY:

The ATM robbers loaded the stolen money into a container lorry and then fled to Tamil Nadu. Their well-planned and executed robbery was thwarted by the police after their lorry collided with another vehicle. One was shot dead, and the others are in police custody