TOPICS COVERED

തൃശൂരിൽ നടന്ന എടിഎം കൊള്ളയ്ക്ക് പിന്നിൽ പ്രൊഫഷണൽ സംഘമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കവർച്ച സംഘം കാറിൽ മടങ്ങുന്ന സിസിടിവി ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു. 26 കിലോമീറ്റർ പരിധിയിലുള്ള മൂന്ന് എടിഎമ്മുകളിലും രണ്ട് മണിക്കൂറിനുള്ളിലാണ് കവർച്ച സംഘം എത്തിയത്. ഓരോ എടിഎമ്മിലും ചെലവാക്കിയത് വെറും പത്ത് മിനിറ്റ് മാത്രം.  

Also Read: തൃശൂരില്‍ വന്‍ കൊള്ള; മൂന്ന് എടിഎം തകര്‍ത്ത് അരക്കോടിയിലധികം കവര്‍ന്നു

പുലർച്ചെ 2.30 ന് തൃശൂർ മാപ്രാണത്ത് കവർച്ച നടത്തിയ ശേഷമണ് സംഘം തൃശൂർ നഗരത്തിലെത്തിയത്.  3.02 നാണ് തൃശൂർ- ഷൊർണൂർ റോഡിലെ എസ്ബിഐ എടിഎമ്മിൽ കവർച്ച നടന്നത്. ശേഷം നേരെ പോയത് വടക്കാഞ്ചേരി വഴി കോലഴിയിൽ. കോലഴിയിൽ നിന്ന് പുലർച്ചെ 3.30 ഓടെ കവർച്ച നടത്തി സംഘം രക്ഷപ്പെട്ടു എന്നാണ് പൊലീസ് നൽകുന്ന വിവരം. പത്ത് മിനിറ്റ് മാത്രമാണ് ഓരോ എടിഎമ്മിലും കവർച്ച സംഘം ചെലവഴിച്ചത്. 

വടക്കാഞ്ചേരിയിൽ നിന്ന് പാലക്കാട് ഭാഗത്തേക്കും തുടർന്ന് തമിഴ്നാട്ടിലേക്കും കവർച്ച സംഘം രക്ഷപ്പെടാനുള്ള സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. കാർ വാടകയ്ക്ക് എടുത്തതാണോ മോഷ്ടിച്ചതാണോ എന്ന പരിശോധനയും പൊലീസ് നടത്തുന്നുണ്ട്. 

രണ്ട് മണിക്കൂർ കൊണ്ട് മൂന്ന് എടിഎമ്മിൽ നിന്ന് നാല് മോഷ്ടാക്കൾ 65 ലക്ഷം മോഷ്ടിച്ചു എന്നതിനാൽ കൃത്യമായ ആസൂത്രണത്തോടെ പ്രൊഫഷണൽ സംഘം നടത്തിയ മോഷണമാകാനുള്ള സാധ്യതയിലാണ് പൊലീസിൽ വിരൾചൂണ്ടുന്നത്. രണ്ട് എസ്ബിഐ എടിഎമ്മുകളും ഒരു സ്വകാര്യ ബാങ്ക് എടിഎമ്മുമാണ് കൊള്ളയടിക്കപ്പെട്ടത്. 

മോഷ്ടാക്കൾ എടിഎം തകർത്തതോടെ എടിഎമ്മിൽ നിന്ന് ബാങ്ക് ഉദ്യോഗസ്ഥർക്ക് സന്ദേശമെത്തുകയായിരുന്നു. പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥർ പൊലീസിനെ വിവരമറിയിച്ചു. രാത്രി പട്രോൾ നടത്തുന്ന പൊലീസ് സംഘം എത്തുമ്പോഴേക്കും പ്രതികൾ പണവുമായി കടന്നിരുന്നു. പിന്നിൽ ഇതരസംസ്ഥാനക്കാരാണെന്നാണ് സംശയം.

ENGLISH SUMMARY:

Thrissur ATM robbery; Gang spent 10 minutes at each ATM