TOPICS COVERED

പാലക്കാട് മുതലമടയില്‍ അനുമതിയില്ലാതെ പാറ പൊട്ടിച്ച് കടത്താന്‍ ശ്രമിച്ച ഇരുപത് ടിപ്പര്‍ ലോറികള്‍ പൊലീസ് പിടികൂടി. ഇടുക്കപ്പാറ മേഖലയിലെ  അനധികൃത ക്വാറികളിൽ നിന്നും പൊട്ടിച്ച കല്ലുമായി എത്തിയ ടിപ്പർ ലോറികളാണ് കൊല്ലങ്കോട് പൊലീസിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. 

മുതലമട പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ അനധികൃത ക്വാറി പ്രവർത്തിക്കുന്നതായി ജില്ലാ ഭരണകൂടത്തിനും പൊലീസിനും പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലങ്കോട് പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു വ്യത്യസ്ത ഇടങ്ങളിലെ പരിശോധന. രണ്ടു പാറമടകളിൽ നിന്നായി ഇരുപത് ടിപ്പർ ലോറികളാണ് പിടിച്ചെടുത്തത്. ഇതില്‍ ഒരെണ്ണത്തിന് പോലും കല്ല് കയറ്റിപ്പോവുന്നതിനുള്ള അനുമതി രേഖയുണ്ടായിരുന്നില്ല. ജില്ലാ കലക്ടർക്കും ജിയോളജി വകുപ്പിനും പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. 

സ്കൂൾ സമയത്തിനു മുൻപായി പാറമടകളിൽ നിന്നു കല്ല് കയറ്റി എത്തിക്കുന്നതിനായി പുലർച്ചെയാണ് കൂടുതല്‍ ടിപ്പറുക ള്‍ പാറമടകളിൽ എത്തി കല്ലുമായി മടങ്ങുന്നതെന്ന് പൊലീസ് പറയുന്നു. സ്കൂൾ സമയത്തു പോലും അപകടകരമായ രീതിയിൽ പാറക്കല്ല് കയറ്റിയ ലോറികൾ പോകുന്നതു ഭീഷണിയെന്നാണ് നാട്ടുകാരും ജനപ്രതിനിധികളും പറയുന്നത്. വരും ദിവസങ്ങളില്‍ മുതലമടയിലെ വ്യത്യസ്ത ഭാഗങ്ങളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധനയുണ്ടാവുമെന്ന് കൊല്ലങ്കോട് ഇന്‍സ്പെക്ടര്‍ അറിയിച്ചു.

ENGLISH SUMMARY:

Attempt to transport rock without permission; 20 tipper lorries seized