കോതമംഗലത്തെ ആറുവയസുകാരിയുടെ കൊലപാതകത്തിന് ദുർമന്ത്രവാദവുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. കോതമംഗലം സ്വദേശിയായ മന്ത്രവാദി നൗഷാദിന്‍റെ സ്വാധീനത്തിൽ അല്ല കൊലയെന്നും കണ്ടെത്തി. സ്വന്തം കുട്ടി അല്ലാത്തതിനാൽ ഒഴിവാക്കാൻ തന്നെയായിരുന്നു രണ്ടാനമ്മയായ അനീഷ കൃത്യം നടത്തിയത് എന്നും പൊലീസ് വ്യക്തമാക്കി.
കോതമംഗലം സ്വദേശിയായ മന്ത്രവാദി നൗഷാദും, കുട്ടിയെ കൊലപ്പെടുത്തിയ രണ്ടാനമ്മയും തമ്മിലുള്ള ബന്ധമാണ് ദുർമന്ത്രവാദത്തിന്‍റെ ഭാഗമായാണ് കൊലപാതകം എന്ന സംശയം ഉയരാൻ കാരണം. തുടർന്ന് നൗഷാദിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ബാധ ഒഴിപ്പിക്കാൻ എന്ന പേരിലായിരുന്നു നൗഷാദ് അനീഷയുമായി ബന്ധം സ്ഥാപിച്ചത്. എന്നാൽ കുട്ടിയെ കൊലപ്പെടുത്തിയത്തിൽ ഇയാളുടെ ഇടപെടൽ ഇല്ല എന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്വന്തം കുട്ടി അല്ലാത്തതിനാൽ ഒഴിവാക്കാൻ തന്നെയായിരുന്നു കൊലപാതകം. അനീഷയുടെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഉച്ചയോടെ പ്രതിയെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇന്നലെ രാവിലെയാണ് കോതമംഗലം നെല്ലിക്കുഴിയിൽ അതിഥി തൊഴിലാളിയുടെ ആറ് വയസുള്ള മകളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് ഉത്തർപ്രദേശുകാരനായ അജാസ്‌ഖാനും, രണ്ടാനമ്മയും അനുജത്തിയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തലേന്ന് രാത്രിയിൽ പിതാവ് പുറത്തുപോയ സമയത്ത് രണ്ടാനമ്മ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. രാത്രിയിൽ ഭക്ഷണം കഴിച്ചു ഉറങ്ങിയ കുട്ടി പിന്നീട് എഴുന്നേറ്റിട്ടില്ലെന്നാണ് രക്ഷിതാക്കൾ ആദ്യം പൊലീസിന് നൽകിയ മൊഴി. പോസ്റ്റ്മോർട്ടത്തിലാണ് കുട്ടിയുടെ മരണം കൊലപാതകമെന്ന് വ്യക്തമായത്.