pocso-case-nagpur

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ആരോപണവിധേയനെ വെറുതെവിട്ട് ബോംബൈ ഹൈക്കോടതി. പോക്സോ കേസില്‍ 20 വര്‍ഷം ജയില്‍ശിക്ഷയ്ക്ക് സെഷന്‍സ് കോടതി വിധിച്ച പ്രതി ഹൈക്കോടതിയിലേക്ക് നീങ്ങിയപ്പോള്‍ കാര്യങ്ങള്‍ തലകീഴായി. പീഡനം നേരിട്ടപോലെയുള്ള പെരുമാറ്റമായിരുന്നില്ല പെണ്‍കുട്ടിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ഇത് ശരിയാണെന്ന് കോടതി നിരീക്ഷിച്ചതോടെ 64കാരന്‍ ജയില്‍മോചിതനായി.

മോശമായി എന്തെങ്കിലും കാര്യം നേരിട്ടുവെങ്കില്‍ ഇത്തരത്തിലായിരിക്കില്ല പെണ്‍കുട്ടിയുടെ പെരുമാറ്റം. അത് കുട്ടിയെ ശാരീരികമായും മാനസികമായി ബാധിക്കുമായിരുന്നു. സംഭവം നടന്നയുടനെ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്ന് കാര്യങ്ങള്‍ തുറന്നുപറയുമായിരുന്നു. പക്ഷേ ഈ കേസില്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ആരോപണവിധേയനെ കോടതി വെറുതെവിട്ടത്.

2019 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നാം ക്ലാസുകാരിയായ പെണ്‍കുട്ടി വീടിനടുത്തുള്ള ക്ഷേത്രത്തിനു സമീപം കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയി. പെണ്‍കുട്ടിയെ വീട്ടില്‍ കാണാതായതോടെ അമ്മ അന്വേഷിച്ചിറങ്ങി. ക്ഷേത്രത്തിനു സമീപമിരുന്ന് കളിക്കുകയായിരുന്ന കുട്ടിയെ അമ്മ കൂട്ടിക്കൊണ്ടുവന്ന് സ്കൂളിലേക്കയച്ചു. സ്കൂളില്‍ നിന്ന് തിരികെ വന്നപ്പോള്‍ മുതല്‍ കുട്ടി അസ്വസ്ഥയായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്. 

തൊട്ടടുത്ത ദിവസം തനിക്കൊരാള്‍ മിഠായി നല്‍കി, ബലമായി തന്‍റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്ന് കുട്ടി പറഞ്ഞു. പിന്നീടാണ് പരാതി നല്‍കിയതെന്ന് അമ്മ പറയുന്നു. സെഷന്‍സ് കോടതി പ്രതിയാണെന്ന് കണ്ടെത്തി ശിക്ഷവിധിച്ചതോടെ ഇയാള്‍ ഹൈക്കോടതിയിലേക്ക് നീങ്ങി. അറുപത് വയസ്സാണ് തന്‍റെ പ്രായം. ഇത്തരത്തിലൊരു ഹീനപ്രവര്‍ത്തി ചെയ്യാനുള്ള ആരോഗ്യമില്ല. മാത്രമല്ല, കോടതിയില്‍ വാദിഭാഗം സമര്‍പ്പിച്ച മെഡിക്കല്‍ രേഖകളില്‍ പൊരുത്തക്കേടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. 

അമ്മ വരുമ്പോള്‍ കുട്ടി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സമീപത്ത് ആരോപണവിധേയനും ഇരിക്കുന്നുണ്ടായിരുന്നു. അമ്മയുടെ മൊഴിയില്‍ തന്നെ ഇത് വ്യക്തമാണ്. പീഡനം നേരിട്ട പെണ്‍കുട്ടി എങ്ങനെയാണ് ഇത്തരത്തില്‍ പെരുമാറുക എന്ന ചോദ്യം പ്രതിഭാഗം ഉയര്‍ത്തി. അമ്മ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്ന് പെണ്‍കുട്ടി നേരിട്ട് കോടതിയില്‍ പറയുകയും ചെയ്തു. അമ്മ പറഞ്ഞുതന്ന കാര്യങ്ങളാണ് താന്‍ കോടതിയില്‍ പറഞ്ഞത്, അല്ലെങ്കില്‍‌ അമ്മയെ ജയിലിലടയ്ക്കും എന്ന് പറഞ്ഞുവെന്ന് പെണ്‍കുട്ടി കോടതിയില്‍ വ്യക്തമാക്കി.

ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന് മെഡിക്കല്‍ രേഖകളോ സാഹചര്യ തെളിവോ പോലും കേസിലില്ലെന്ന് കോടതി അറിയിച്ചു. ഇക്കാര്യം സെഷന്‍സ് കോടതി ശ്രദ്ധിച്ചില്ല എന്നത് ഗുരുതര പിഴവാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ആരോപണവിധേയനെ കോടതി വെറുതെ വിട്ടത്.

ENGLISH SUMMARY:

Bombay high court acquitted a 64-year-old senior citizen, who was sentenced to 20 years of rigorous imprisonment under Pocso Act and Section 376AB of IPC for allegedly raping an eight-year-old girl.