TOPICS COVERED

വാതിലിനു സമീപത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപെട്ട ബസ് കണ്ടക്ടറെ കുത്തി പരിക്കേൽപ്പിച്ചു. ബെംഗളൂരു വൈറ്റ്ഫീൽഡിലാണ് സംഭവം. പ്രതിയെ പൊലീസ് പിടികൂടി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ബെംഗളുരു നഗരത്തിൽ ബസ് ജീവനക്കാർക്കും രക്ഷയില്ല. കാർ യാത്രക്കാർക്ക് നേരേ വ്യാപക അക്രമെന്ന പരാതി നിലനിൽക്കെയാണ് ബസ് കണ്ടക്ടർ ആക്രമിക്കപെട്ടത്. ബിഎംടിസി കണ്ടക്ടർ യോഗേഷിനാണ് കുത്തേറ്റത്. യാത്രക്കാരനായ ഹർഷസിംഹന്നയാളോട് ബസ്സിന്റെ വാതിലിന് സമീപത്തുനിന്ന് മാറിനിൽക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. ഇത് ഇരുവരും തമ്മിലുള്ള തർക്കത്തിന് കാരണമായി. തർക്കത്തിനിടെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ഇയാൾ കണ്ടക്ടറെ കുത്തുകയായിരുന്നു. 

വയറിൽ ആഴത്തിൽ മുറിവേറ്റ യോഗേഷ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതോടെ മറ്റു യാത്രക്കാർ ബസ്സിൽ നിന്ന് ഇറങ്ങി ഓടി. പ്രതി രക്ഷപ്പെടാതിരിക്കാൻ ഡ്രൈവർ വാഹനത്തിന്റെ വാതിലുകൾ എല്ലാം അടച്ച് ഇയാളെ ബസ്സിനുള്ളിൽ പൂട്ടിയിട്ടു. ഇതിനിടെ ബസ്സിൽ ഉണ്ടായിരുന്ന ചുറ്റിക എടുത്ത് ബസ്സിന്റെ ചില്ലുകൾ ഹർഷസിംഹ  തകർത്തു. 

പിന്നീട് സ്ഥലത്ത് എത്തിയ വൈറ്റ്ഫീൽഡ് പൊലീസ്  പ്രതിയെ പിടികൂടുകയായിരുന്നു. ഒരുമാസം മുൻപ് ഹർഷസിംഹന് ജോലി നഷ്ടമായിരുന്നു. മറ്റൊരു ജോലിക്ക് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഈ നിരാശയാണ് അക്രമത്തിനു കാരണമെന്നാണ് ഇയാളുടെ മൊഴി. ആയുധം കൈവശം വയ്ക്കൽ, കൊലപാതകശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ്  കേസ്.