TOPICS COVERED

ഡല്‍ഹിയില്‍ വന്‍ ലഹരിവേട്ട. രണ്ടായിരം കോടിയിലേറെ രൂപ വിലമതിക്കുന്ന 560 കിലോ ഗ്രാം കൊക്കെയിനും 42 കിലോ കഞ്ചാവും പിടിച്ചെടുത്തു. രാജ്യാന്തര ലഹരി സിന്‍ഡിക്കേറ്റിലെ പ്രധാനിയടക്കം നാലുപേരെ സ്പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

രാജ്യതലസ്ഥാന മേഖലയിലെ ഏറ്റവും വലിയ ലഹരിവേട്ടയാണ് ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലിന്‍റേത്. മെഹ്റോളി മഹിപാല്‍പൂര്‍ എക്സ്റ്റന്‍ഷനില്‍നിന്ന് 22 ബാഗില്‍ സൂക്ഷിച്ച 560 കിലോ ഗ്രാം കൊക്കെയിനും മൂന്ന് ബോക്സുകളില്‍ സൂക്ഷിച്ച തായ്‌ലന്‍ഡില്‍നിന്നെത്തിച്ച 42 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. കേന്ദ്ര ഇന്‍റലിജന്‍സില്‍നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്നുമാസമായി പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. ഡല്‍ഹി വസന്ത് വിഹാറില്‍ താമസിക്കുന്ന തുഷാര്‍ ഗോയലാണ് സംഘത്തിലെ മുഖ്യകണ്ണി. ലഹരി സിന്‍ഡിക്കേറ്റിലെ രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്രധാനിയാണ് ഇയാളെന്ന് പൊലീസ്. 

ലഹരി സംഘത്തെ നിയന്ത്രിക്കുന്നത് യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റൊരാളും. തുഷാര്‍ ഗോയലിന് പുറമെ ഹിമാന്‍ഷു, ഔറംഗസേബ്, ഭാരത് ജെയിന്‍ എന്നിവരാണ് പിടിയിലായത്. മുംബൈയില്‍നിന്ന് 15 കിലോ കൊക്കെയിന്‍ വാങ്ങാനെത്തിയതാണ് ഭാരത് ജെയിന്‍. തുഷാര്‍ ഗോയലിന്‍റെ ഡ്രൈവറാണ് പിടിയിലായ ഔറംഗസേബ്. തുഷാര്‍ ഗോയലിന്‍റെ പിതാവിന് ഡല്‍ഹിയില്‍ തുലിയെന്നും തുഷാറെന്നും പേരുള്ള രണ്ട് പ്രസിദ്ധീകരണങ്ങളുണ്ടെന്നും പൊലീസ് അറിയിച്ചു. ലഹരി വാങ്ങുമ്പോള്‍ ക്രിപ്റ്റോ കറന്‍സി വഴിയാണ് സംഘം പണം നല്‍കിയിരുന്നത്. 

അന്വേഷണത്തില്‍ ഇതുവരെ ഭീകരബന്ധം കണ്ടെത്താനായിട്ടില്ല. എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഡല്‍ഹിയിലും മുംബൈയിലും വരാന്‍ പോകുന്ന സംഗീത പരിപാടികള്‍ ലക്ഷ്യമിട്ടാണോ ഇത്രയേറെ ലഹരി സംഭരിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നു.