rape-fundfir

TOPICS COVERED

ബലാല്‍സംഗക്കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി പ്രതിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച അതിജീവിതയ്ക്കും അഭിഭാഷകനുമെതിരെ കേസ്. കോട്ടയം സ്വദേശിനിയായ അതിജീവിതയ്ക്കും അഭിഭാഷകന്‍ അഞ്ചന്‍ സനീമിനുമെതിരെയാണ് കോടതി നിര്‍ദേശ പ്രകാരം ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിന് പുറമെ സ്ത്രീത്വത്തെ അപമാനിക്കല്‍, കൊള്ളയടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്.  

 

കൊച്ചി നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗക്കേസിലെ പ്രതിയുടെ ഭാര്യയുടെ പരാതിയിലാണ് അതിജീവിതയ്ക്കും അഭിഭാഷകനുമെതിരെ കേസെടുത്തത്. ഏപ്രിലിലാണ് കോട്ടയം സ്വദേശിയെ ബലാല്‍സംഗം ചെയ്തക്കേസില്‍ പരാതിക്കാരിയുടെ ഭര്‍ത്താവ് അറസ്റ്റിലായത്. 22 ദിവസം ജയിലില്‍ കഴിഞ്ഞ ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. ഇതിന് പിന്നാലെയാണ് പ്രതിയുടെ ഭാര്യയോട് അതിജീവിത കേസ് പിന്‍വലിക്കാന്‍ പണം ആവശ്യപ്പെട്ടതെന്നാണ് പരാതി. ആദ്യം അഞ്ച് ലക്ഷമാണ് ആവശ്യപ്പെട്ടതെങ്കില്‍ ഓഗസ്റ്റില്‍ തുക പത്ത് ലക്ഷമായി ഉയര്‍ന്നു.

തുക സംബന്ധിച്ച് തീരുമാനമാക്കാന്‍ ഇടനിലക്കായി അതിജീവിത ചുമതലപ്പെടുത്തിയത് അഭിഭാഷകനെ. തുകയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടപ്പോളായിരുന്നു അഭിഭാഷകന്‍റെ മോശം പെരുമാറ്റമെന്ന് യുവതി.  ഇരുവര്‍ക്കുമെതിരെ കമ്മിഷണര്‍ക്കടക്കം പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. ഇതോടെയാണ് കോടതിയെ സമീപിച്ചത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് ചേരാനെല്ലൂര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.