പത്തനംതിട്ടയില്‍ മന്ത്രി വീണ ജോര്‍ജ് സിപിഎമ്മിലേക്ക് മാലയിട്ടു സ്വീകരിച്ച യുവാവ് ഗാന്ധിജയന്തി ദിനത്തില്‍ മദ്യം വിറ്റതിന് അറസ്റ്റില്‍. കാപ്പാക്കേസ് പ്രതിക്കൊപ്പം കഴിഞ്ഞ ജൂണില്‍ സ്വീകരിച്ചയാളാണ് മദ്യവുമായി പിടിയിലായത്. കാപ്പാക്കേസ് പ്രതിക്കൊപ്പം എത്തിയ നാലാമത്തെ ആളാണ് ഇപ്പോള്‍ സിപിഎമ്മിന് ഉപദ്രവമായത്.
കുമ്പഴ സ്വദേശി സുധീഷ് ആണ് ഏഴ് ലീറ്റര്‍ മദ്യവുമായി കോന്നി എക്സൈസിന്‍റെ പിടിയിലായത്. ബവ്റിജസ് ഷോപ്പുകളില്‍ നിന്ന് മദ്യം വാങ്ങി ഡ്രൈഡേകളില്‍ ഇരട്ടി വിലയ്ക്കു വില്‍ക്കുന്നതാണ് രീതി. ഇയാളുടെ വീട്ടില്‍ നിന്നാണ് അര ലീറ്ററിന്‍റെ 14 മദ്യക്കുപ്പികള്‍ പിടിച്ചെടുത്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ജൂണിലാണ് കാപ്പാകേസ് പ്രതി ശരണ്‍ ചന്ദ്രനേയും കൂട്ടരേയും സിപിഎമ്മിലേക്ക് സ്വീകരിച്ചത്. ഇതില്‍ ഒരാള്‍ വധശ്രമക്കേസില്‍ ഒളിവിലുള്ള പ്രതിയായിരുന്നു.
കൂട്ടത്തിലെ യദുകൃഷ്ണന്‍ അടുത്ത ദിവസം കഞ്ചാവുമായി പിടിയിലായി. യദുകൃഷ്ണനെ കള്ളക്കേസില്‍ കുടുക്കി എന്ന് ആരോപിച്ച് എക്സൈസ് ഓഫിസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഡി.വൈ.എഫ്.ഐ. പിന്‍മാറി. റോഡില്‍ മാര്‍ഗ തടസമുണ്ടാക്കി കാപ്പ എന്ന് എഴുതിയ കേക്ക് മുറിച്ചതിന് ശരണിനെതിരെയും പൊലീസ് പിന്നീട് കേസ് എടുത്തിരുന്നു. തൊട്ടടുത്തയാഴ്ച കാപ്പാ പ്രതി ശരണിനെ ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖലാ വൈസ് പ്രസിഡന്‍റ് ആയി തിരഞ്ഞെടുക്കുകയും ചെയ്തു.