sbi

പലതരം സാമ്പത്തിക തട്ടിപ്പ് സംഭവങ്ങളാണ് അനുദിനം വാര്‍ത്തകളില്‍ നിറയുന്നത്. ആളുകള്‍ ഏതൊക്കെ തരത്തില്‍ പറ്റിക്കപ്പെടുന്നുവെന്ന് കാണുമ്പോള്‍ ഭയത്തോടൊപ്പം അമ്പരപ്പാണ് തോന്നുന്നത്. അത്തരമൊരു സംഭവമാണ് ഛത്തീസ്ഗഢില്‍ നിന്നെത്തുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) പേരില്‍ വമ്പന്‍ തട്ടിപ്പാണ് സാഖി ജില്ലയിലെ ഛപോര ഗ്രാമത്തില്‍ നടന്നത്. ഇരകളായവരാകട്ടെ ഗ്രാമത്തിലെ തൊഴില്‍രഹിതരും.

എസ്.ബി.ഐയുടെ പേരില്‍ വ്യാജ ശാഖ തുറന്നായിരുന്നു തട്ടിപ്പ്. സാധാരണ ഒരു ബാങ്ക് ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നതുപോലെ തന്നെ ‘തട്ടിപ്പ് ബ്രാഞ്ചും’ പ്രവര്‍ത്തിച്ചു തുടങ്ങി. യാഥാര്‍ഥ്യമറിയാതെ ഗ്രാമത്തിലുള്ളവര്‍ ബ്രാഞ്ചിലെത്തി പുതിയ അക്കൗണ്ടുകൾ തുറക്കുകയും പണമിടപാടുകള്‍ നടത്തുകയും ചെയ്തു. കൗണ്ടറുകളും ബാങ്ക് രേഖകളും തുടങ്ങി ആളുകളെ കബളിപ്പിച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍ വരെയാക്കി തട്ടിപ്പ് സംഘത്തിനു പിന്നിലുള്ളവര്‍. 

എസ്.ബി.ഐയുടെ യഥാര്‍ത്ഥ ഓഫര്‍ ലെറ്ററിനെ വെല്ലുന്ന തരത്തിൽ ലെറ്റർ പാഡിലുള്ള നിയമന ഉത്തരവുകളാണ് ജീവനക്കാർക്ക് ലഭിച്ചത്. ബ്രാഞ്ച് മാനേജര്‍, മാര്‍ക്കറ്റിങ് ഓഫീസര്‍, കാഷ്യര്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റർ സ്ഥാനങ്ങളിലേക്കാണ് നിയമനങ്ങള്‍ നടന്നത്. എല്ലാ ജീവനക്കാർക്കും പരിശീലനവും നല്‍കിയിരുന്നു. എന്നാല്‍ വൻ തുക കെട്ടിവെച്ചാല്‍ മാത്രമേ ജോലി ലഭിക്കുമായിരുന്നുള്ളു. രണ്ടു ലക്ഷത്തിനും ആറു ലക്ഷത്തിനും ഇടയിലുള്ള തുകയാണ് ആവശ്യപ്പെട്ടത്.

മാസം ഏഴായിരം രൂപ വാടകയക്ക് എടുത്തിരുന്ന കെട്ടിടത്തിലാണ് തട്ടിപ്പുസംഘം പുതിയ ശാഖ തുടങ്ങിയത്. തൊട്ടടുത്ത ജില്ലകളിലെ തൊഴില്‍രഹിതരായ യുവതീ യുവാക്കളായിരുന്നു തട്ടിപ്പുകാരുടെ ഇരകൾ. രേഖകള്‍ സമര്‍പ്പിച്ച് ബയോമെട്രിക്ക് വിവരങ്ങളും രേഖപ്പെടുത്തിയ ശേഷം ജോലിക്കെടുത്ത യുവതിക്ക് 30,000 രൂപയായിരുന്നു മാസ ശമ്പളം വാഗ്ദാനം ചെയ്തത്. മറ്റൊരാളില്‍ നിന്ന് തട്ടിപ്പുസംഘം 2.5 ലക്ഷം കൈപ്പറ്റി. ഇയാള്‍ക്ക് 35,000 രൂപ മാസ ശമ്പളത്തിന് ജോലി നല്‍കാമെന്നാണ് പറഞ്ഞത്. വ്യാജ നിയമനത്തിന് ഇരയായവരില്‍ പലരും സ്വര്‍ണ്ണം പണയം വെച്ചും ലോണ്‍ എടുത്തുമാണ് പണം നല്‍കിയത്. 

ഇതുകൂടാതെ ജോലി പരിശീലനം വേറെ. ഗ്രാമങ്ങളിലെ തൊഴില്‍ രഹിതരെ ലക്ഷ്യമിട്ടായിരുന്നു ഈ വ്യാജ തൊഴില്‍ പരിശീലനം. പരിശീലനത്തിന് പ്രത്യേക കേന്ദ്രം വരെയുണ്ടായി. തട്ടിപ്പ് ഗംഭീരമായി മുന്നോട്ടുപോകവേ സമീപ പ്രദേശമായ ദബ്രയിലെ ബാങ്ക് മാനേജർക്ക് തോന്നിയ ചെറിയൊരു സംശയം വന്‍ തട്ടിപ്പ് പുറത്തെത്തിച്ചു. ഛപോരയില്‍ നിന്നൊരാള്‍ ദബ്രയിലെ ബാങ്ക് മാനേജരെ കാണാനെത്തിയതാണ് കള്ളി പുറത്താകാന്‍ വഴിതെളിച്ചത്. അജയ് കുമാര്‍ അഗര്‍വാള്‍ എന്നയാള്‍ ജില്ലയിലെ മറ്റൊരു എസ്.ബി.ഐ ശാഖയിൽ ജോലിക്കായി അപേക്ഷിച്ചിരുന്നു. എന്നാല്‍ തന്റെ ഗ്രാമത്തില്‍ പൊടുന്നനെ മറ്റൊരു ശാഖ പ്രവര്‍ത്തനം ആരംഭിച്ചതില്‍ ഇയാള്‍ക്ക് സംശയം തോന്നി.

പുതിയ എസ്.ബി.ഐ ശാഖ സന്ദര്‍ശിച്ച് കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും ഇയാള്‍ ചോദിച്ച കാര്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി ലഭിച്ചില്ല. ശാഖയുടെ കോഡ് പോലും കണ്ടെത്താനാകാതെ വന്നതോടെയാണ് ഇയാള്‍ ദാബ്രയിലെ ശാഖയിലെത്തി മാനേജറെ കണ്ടത്. പൊലീസും എസ്.ബി.ഐ ഉദ്യോഗസ്ഥരും ഛപോരയിലെത്തി പരിശോധന നടത്തിയതോടെ ബ്രാഞ്ച് വ്യാജനാണെന്ന് ബോധ്യപ്പെട്ടു. സംഭവത്തില്‍ നാലുപേര്‍ പിടിയിലായിട്ടുണ്ട്.

ENGLISH SUMMARY:

A massive banking fraud case was reported from Chhattisgarh. Where accussed created a fake branch of the State Bank of India (SBI). The scam involved illegal appointments, fake training sessions, and elaborate setups to defraud both unemployed individuals and local villagers.