TOPICS COVERED

നാദാപുരം മേഖലയിൽ‌ ഏറെ രാഷ്ട്രീയ സംഘർഷങ്ങൾക്കു കാരണമായ തൂണേരി ഷിബിന്‍ വധക്കേസില്‍ ലീഗുകാര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി. കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ ആറുപ്രതികളും ലീഗ് പ്രവര്‍ത്തകരാണ്. കേസിലെ 17 പ്രതികളെ വിചാരണക്കോടതി വെറുതെവിട്ടിരുന്നു. 2015 ജനുവരി 22നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്. മുസ്‌ലിം ലീഗ് പ്രവർത്തകരായ പ്രതികൾ വർഗീയവും രാഷ്ട്രീയവുമായ കാരണങ്ങളാൽ സിപിഎം പ്രവർത്തകരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 

കേസിൽ വിചാരണ നേരിട്ട 17 പ്രതികളെയും കുറ്റക്കാരല്ലെന്നു കണ്ട് എരഞ്ഞിപ്പാലം മാറാട് പ്രത്യേക കോടതി നേരത്തെ വിട്ടയച്ചിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായും അതിനാൽ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയയ്ക്കുകയാണെന്നും വിധിന്യായത്തിൽ ജഡ്ജി എസ്. കൃഷ്ണകുമാർ വ്യക്തമാക്കി. 

 മാറാട് പ്രത്യേക കോടതി വിധിക്കെതിരെ പൊലീസ് ഹൈക്കോടതിയിൽ അപ്പീൽ ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിട്ടയച്ച പ്രതികളിൽപ്പെട്ട കാളിയാറമ്പത്ത് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.