വയനാട് ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തില്‍ ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി കെ.രാജന്‍. എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള പട്ടികയാകും  അവസാനമായി ഉണ്ടാവുക. പുനരധിവാസം ചര്‍ച്ചചെയ്യാന്‍ ഇന്ന് മന്ത്രിസഭായോഗം ചേരുന്നുണ്ട്. അതേസമയം പുനരധിവാസം പരിതാപകരമായ അവസ്ഥയിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. 

ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം രണ്ടുഘട്ടമായി നടപ്പാക്കാനാണ്   സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.  പുനരധിവാസത്തില്‍ പങ്കാളികളാവാന്‍ താല്‍പര്യം പ്രകടിപ്പിച്ച എല്ലാവരുമായി അത്തമാസം സര്‍ക്കാര്‍ ആശയവിനിമയം നടത്തും.  നൂറോ അതിലധികമോ വീടുകള്‍ വാഗ്ദാനം ചെയ്ത എല്ലാവരെയും മുഖ്യമന്ത്രി നേരിട്ട് കാണും.  മന്ത്രിസഭായോഗം ഇക്കാര്യത്തില്‍  പ്രധാന തീരുമാനങ്ങളെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്. 

പരാതികള്‍ കേട്ടശേഷം പുതിയ പട്ടിക പുറത്തുവിടുമെന്ന് മന്ത്രി കെ. രാജന്‍. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ വയനാട്ടിലെ പുനരധിവാസം  പരിതാപകരമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരിന് ആരംഭശൂരത്വം മാത്രമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ട മനുഷ്യരെ ഇനിയും കാത്തു നിറുത്താനാവില്ലെന്ന് സര്‍ക്കാരന് ബോധ്യപ്പെട്ടതോടെയാണ് പുനരധിവാസ പ്രവര്‍ത്തനം എത്രയും വേഗം തുടങ്ങാന്‍ തീരുമാനിച്ചത്. കേന്ദ്രസഹായം ലഭ്യമാകുമോയെന്ന്  ഉറപ്പില്ല. ടൗണ്‍ഷിപ്പിനുള്ള സ്ഥലം കണ്ടെത്തുക എന്നത് കടമ്പയായി അവശേഷിക്കുകയാണ്. ഇത്തരം വിഷയങ്ങളാണ് മന്ത്രിസഭായോഗം ചര്‍ച്ചചെയ്യുക.

ENGLISH SUMMARY:

Rehabilitation of Chooralmala and Mundakai disaster victims: No need to worry, says Revenue Minister K Rajan