child-issue-3

കണ്ണൂര്‍ നരുവമ്പ്രം വെടിവെപ്പിന്‍ചാലില്‍ അങ്കണവാടിയില്‍ വീണ് ഗുരുതരമായി തലയ്ക്ക പരുക്കേറ്റ മൂന്നര വയസുകാരന് ജീവനക്കാര്‍ ചികിത്സ ലഭ്യമാക്കിയി‌ല്ലെന്ന് പരാതി. കുട്ടിയെ കൂട്ടാനായി അങ്കണവാടിയില്‍ എത്തിയപ്പോഴാണ് പരുക്കേറ്റ വിവരം ജീവനക്കാര്‍ അറിയിച്ചതെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

 

ഇന്നലെ ഉച്ചയ്ക്കാണ് മൂന്നര വയസുകാരന്‍ അങ്കണവാടിയില്‍ വച്ച്  വീണ് പരുക്കേറ്റത്. തലയിലുണ്ടായ മുറിവ് ജീവനക്കാര്‍ ഗൗരവമായി എടുക്കുകയോ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയോ ചെയ്തില്ല. പരുക്കേറ്റ വിവരം വിളിച്ച് അറിയിക്കുക പോലും ചെയ്തില്ലെന്നും വീട്ടുകാര്‍ പറയുന്നു.

പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് തലയില്‍ ആന്തരിക രക്തസ്രാവം ഉണ്ടെന്ന് വ്യക്തമായത്. ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.  പരുക്ക് ഇത്ര ഗുരുതരമാണന്ന് അറിഞ്ഞിരുന്നില്ലെന്നാണ് അങ്കണവാടി ജീവനക്കാര്‍ പറയുന്നത്. ജീവനക്കാരുടെ മറുപടിയില്‍ തൃപ്തരല്ലെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം വ്യക്തമാക്കി. 

ENGLISH SUMMARY:

Three years old boy injured after falling in anganwadi at kannur family against anganwadi teacher.