TOPICS COVERED

ബാറിലിരുന്ന് മദ്യപിച്ചതിന്റെ ബില്‍ അടയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റതില്‍ നാലുപേര്‍ അറസ്റ്റില്‍. ഒറ്റപ്പാലം നഗരത്തിലെ ബാർ ഹോട്ടലിലുണ്ടായ തര്‍ക്കത്തിനിടെ തോട്ടക്കര സ്വദേശി മജീദിനു നേരെയുണ്ടായ ആക്രമണത്തിലാണ് ഒറ്റപ്പാലം പൊലീസിന്റെ നടപടി. ലക്കിടി പയ്യപ്പാട്ടിൽ നിഷിൽ, എസ്ആർകെ നഗർ പൂവത്തിങ്കൽ സക്കീർ ഹുസൈൻ, കണ്ണിയംപുറം ലക്ഷംവീട് കോളനി പാറയ്ക്കൽ അബ്ബാസ്, പനമണ്ണയിൽ വാടകയ്ക്കു താമസിക്കുന്ന പാലക്കാട് പട്ടാണിതെരുവിലെ ഷബീർ അലി എന്നിവരാണു പൊലീസിന്റെ പിടിയിലായത്. 

വയറ്റിൽ കുത്തേറ്റ മജീദിനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഏഴോടെയായിരുന്നു ആക്രമണം. കുത്തേറ്റയാളും അക്രമികളും ഒരുമിച്ചിരുന്നു മദ്യപിച്ച ശേഷം ബിൽ അടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണു കത്തിക്കുത്തിൽ കലാശിച്ചതെന്നു പൊലീസ് അറിയിച്ചു. അക്രമസംഭവത്തിനു പിന്നാലെ പൊലീസ് നടത്തിയ തിരച്ചിലിൽ നാലുപേരും കസ്റ്റഡിയിലായി. കുത്തേറ്റയാളും ആക്രമണം നടത്തിയവരും സുഹൃത്തുക്കളാണെന്ന് പൊലീസ് അറിയിച്ചു.

‌ 

ENGLISH SUMMARY:

Four arrested after youth stabbed in bar dispute over bill