റെയില്‍വേ സ്റ്റേഷനുകളിലും തീവണ്ടികളിലും മോഷണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ചെറുതും വലുതുമായ അടിച്ചുമാറ്റലുകള്‍ ഈ മേഖലയില്‍ പതിവാണ്. എക്സില്‍ പ്രചരിക്കുന്ന ഒരു വിഡിയോ റെയില്‍വേസ്റ്റേഷനുകളിലെ സുരക്ഷയെക്കുറിച്ച് വലിയ തോതിലുള്ള ചര്‍ച്ചയിലേക്കാണ് നയിക്കുന്നത്.
ട്രെയിന്‍ യാത്രയുടെ വിരസത അകറ്റാന്‍ പലരും മൊബൈല്‍ ഫോണുകളില്‍ മുഴുകിയിരിക്കുകയാണ് ചെയ്യാറ്. കുട്ടികളാണെങ്കില്‍ വിന്‍ഡോ സീറ്റിനരികെ ഇടംപിടിച്ച് ഗെയിമില്‍ ഏര്‍പ്പെടും. ഇത്തരത്തില്‍ ജനാല സീറ്റിലിരുന്ന പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കള്ളന്‍ മോഷ്ടിക്കുന്ന വിഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വിഡിയോയില്‍ ജനാലക്കരികില്‍ ഇരിക്കുന്ന പെണ്‍കുട്ടിയെ കാണാം. അപ്രതീക്ഷിതമായി ഇരുട്ടില്‍ നിന്നും ഒരു കൈ നീണ്ടു വന്ന് ഫോണില്‍ പിടുത്തമിട്ടു. ഇതോടെ പെണ്‍കുട്ടി അലറി വിളിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചു. പക്ഷെ പ്രയോജനമുണ്ടായില്ല. കള്ളന്‍ ഫോണ്‍ ബലമായി പിടിച്ചെടുത്തു കൊണ്ടുപോയി. എന്റെ ഫോണ്‍ തരൂ, വീടൂ.. എന്നൊക്കെ പെണ്‍കുട്ടി വിളിച്ചു പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. ഹിന്ദി ഭാഷയിലാണ് പെണ്‍കുട്ടി സംസാരിച്ചത്. ലക്ഷക്കണക്കിനാളുകളാണ് വിഡിയോ കണ്ടത്.
എന്തായാലും വന്‍ചര്‍ച്ചയ്ക്കാണ് വിഡിയോ വഴിവച്ചത്. ട്രെയിനുകളില്‍ എന്തു സുരക്ഷയാണ് അധികൃതര്‍ക്കു നല്‍കാന്‍ സാധിക്കുന്നതെന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്. സര്‍ക്കാരിന്റേയും പൊലീസിന്റേയും കഴിവുകേടിനെ വിമര്‍ശിക്കുന്നവരും ഉണ്ട്. അതേസമയം, വിഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയിലാണെന്നു വ്യക്തമാണെങ്കിലും ഏതു സംസ്ഥാനമാണെന്നു തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.