ക്രിസ്മസ് സീണണ്‍ കണക്കിലെടുത്ത് കേരളത്തിലേക്ക് 10 സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വെ. ബെംഗളൂരു, ചെന്നൈ, മുംബൈ, കാക്കിനട എന്നിവിടങ്ങളില്‍ നിന്നും തിരിച്ചുമാണ് സര്‍വീസുകള്‍. ശബരിമലയിലേക്ക് 416 സ്പെഷല്‍ട്രിപ്പുകളും ഉണ്ടാകുമെന്ന് റെയില്‍വെ അറിയിച്ചു.
നേരത്തെ അനുവദിച്ചതടക്കം 10 സ്പെഷല്‍ ട്രെയിനുകളാണ് കേരളത്തിലേക്കും തിരിച്ചും സര്‍വീസ് നടത്തുക. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള സ്പെഷല്‍ ട്രെയിന്‍ 23 ന് പുറപ്പെടും. 24 ന് തിരിച്ചും സര്‍വീസ് നടത്തും. ചെന്നൈയില്‍ നിന്ന് കൊച്ചുവേളിയിലേക്ക് 23, 30 തിയതികളിലാണ് സര്‍വീസ്. തിരികെ 24, 31 തിയതികളില്‍. കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് 23 നും 30 നും തിരികെ 24 നും 31 നും സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും.
മുംബൈ ലോകമാന്യതിലകില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും രണ്ട് ട്രെയിനുകള്‍ നാലുദിവസമാണ് സര്‍വീസ് നടത്തുന്നത്. ലോകമാന്യതിലകില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ 19 ന് പുറപ്പെട്ടു. 26, ജനുവരി രണ്ട്, ഒന്‍പത് ദിവസങ്ങളിലാണ് അടുത്ത സര്‍വീസുകള്‍. തിരുവനന്തപുരത്തുനിന്ന് ലോകമാന്യതിലകിലേക്കുള്ള സ്പെഷല്‍ ട്രെയിന്‍ ഇന്ന് സര്‍വീസ് തുടങ്ങി. 28, ജനുവരി നാല്, പതിനൊന്ന് തിയതികളിലാണ് ഇനി യാത്ര. നിലവില്‍ സര്‍വീസ് നടത്തുന്ന കാക്കിനട– കൊല്ലം സ്പെടഷല്‍ ട്രെയിന്‍ ഇനി 25 നാണ് പുറപ്പെടുക. രാജ്യത്താകെ 149 സ്പെഷല്‍ ട്രെയിനുകളാണ് അനുവദിച്ചത്. ശബരിമലയിലേക്ക് 416 സ്പെഷല്‍ട്രിപ്പുകളും ഉണ്ടാകുമെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യനെ അറിയിച്ചു.