student-bengaluru

ബെംഗളുരുവിൽ മലയാളി നഴ്സിംഗ് വിദ്യാര്‍ഥിക്ക് ക്രൂരമർദനമേറ്റതായി പരാതി. പലരെയും മർദിച്ച ദൃശ്യങ്ങൾ ഫോണിൽ കാണിച്ച ശേഷം ഏതു മോഡൽ വേണമെന്ന് ചോദിച്ചായിരുന്നു മര്‍ദനം. കാല്‍പ്പാദം മുതല്‍ തല വരെ തല്ലിച്ചതച്ചുവെന്ന് വിദ്യാര്‍ഥി. നാട്ടിലെത്തിയ വിദ്യാര്‍ഥിയെ ചികിൽസയ്ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മാവേലിക്കര മാങ്കാംകുഴി പുത്തൻപുരയിൽ ആദിൽ ഷിജിക്കാണ് മർദനമേറ്റത്. ബെംഗളുരുവിൽ സുശ്രുതി നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാര്‍ഥിയാണ്. കോളജിന്റെ ഏജന്റുമാരായ റെജി ഇമ്മാനുവൽ, അർജുൻ എന്നിവരും മറ്റൊരു ഉത്തരേന്ത്യക്കാരനും ചേർന്ന് ക്രൂരമായി മർദിച്ചെന്നാണ് പരാതി. കഴിഞ്ഞ ഒക്ടോബറിൽ സുശ്രുതി കോളേജിലാണ് ചേർന്നതെങ്കിലും ഒന്നാം സെമസ്റ്ററിന്റെ ഹാൾ ടിക്കറ്റ് വന്നപ്പോഴാണ് റജിസ്ട്രേഷൻ ഏറെ ദൂരത്തുള്ള പൂർണ പ്രഗ്ന എന്ന കോളേജിലാണ് തിരിച്ചറിഞ്ഞത്.

പിന്നീട് ആദിൽ ബെംഗളുരുവിലെ മറ്റൊരു കോളജിൽ റജിസ്ട്രേഷൻ നടത്തി. ഇതിന്റെ വിരോധമാണ് മർദ്ദിക്കാൻ കാരണമെന്ന് ആദിൽ പറഞ്ഞു. ഒകിടോബര്‍ 3ന് ഉച്ചയ്ക്കു 2.30ന് പത്തനംതിട്ട തെക്കേമല സ്വദേശി റെജി ഇമ്മാനുവലും നിലമ്പൂർ‍ സ്വദേശി അർജുനും അവരുടെ ഓഫിസിലേക്കു വിളിപ്പിച്ചു. അകത്തു കയറ്റി വാതിലടച്ച ശേഷം കയ്യും കാലും കെട്ടിയിട്ടു. 

 

തുടർന്നു വടി കൊണ്ടു കാൽപാദങ്ങളിൽ അടിച്ചു. പാട് കാണാതിരിക്കാൻ നിലത്തു വെള്ളമൊഴിച്ച് അതിൽ ചാടാൻ ആവശ്യപ്പെട്ടു. തുടർന്നു കയ്യിൽ തുണിചുറ്റി മുതുകത്ത് ഇടിച്ചു. രാത്രി 8 വരെ ഇതു തുടർന്നു. പിന്നീട് ആഹാരം നൽകിയ ശേഷം അവരുടെ താമസസ്ഥലത്തു കൊണ്ടുപോയി അടച്ചിട്ടു. 4ന് ഉച്ചയ്ക്ക് 3നു ശേഷമാണു പുറത്തുവിട്ടത്. 

മർദന വിവരം പുറത്തു പറഞ്ഞാൽ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി. വീട്ടുകാരെ വിവരമറിയിച്ചതിനെത്തുടർന്ന് അവർ എത്തി നാട്ടിലേക്ക് കൊണ്ടുവന്നു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. മർദിച്ചവർക്കെതിരെ ജില്ലാ പൊലിസ് മേധാവിക്കും ആദിൽ പരാതി നൽകി.

ENGLISH SUMMARY:

Malayali nursing student was brutally beaten up in Bengaluru by malayali agents.