വിവാഹ മോചനത്തിനു മൂന്നുകോടി രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ ടെക്കി ആത്മഹത്യ ചെയ്ത കേസില്‍ ഭാര്യവീട്ടുകാര്‍ അറസ്റ്റില്‍. മരിച്ച അതുല്‍ സുഭാഷിന്റെ ഭാര്യ ഉത്തര്‍പ്രദേശ് അലഹാബാദ് സ്വദേശി നിഖിത സിംഘാനിയ, അമ്മ നിഷ സിംഘാനിയ, സഹോദരന്‍ അനുരാഗ് സിംഘാനിയ എന്നിവരെയാണ് ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തത്.
നിഖിതയെ ജോലി ചെയ്യുന്ന ഗുരുഗ്രാമില്‍ നിന്നും മറ്റുരണ്ടുപേരെ അലഹാബാദില്‍ നിന്നുമാണ് പിടികൂടിയത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അതുലിനെ ബെംഗളുരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യ വിവാഹ മോചനത്തിനായി 3 കോടി രൂപ ആവശ്യപ്പെട്ടതിന്റെയും വ്യാജ കേസുകള്‍ നല്‍കിയതിന്റെയും തെളിവുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടതിനുശേഷമായിരുന്നു ആത്മഹത്യ. ഇവ പുറത്തുവന്നതിനു പിറകെ ഭാര്യ വീട്ടുകാര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത രോഷം ഉയര്‍ന്നിരുന്നു.മരിച്ച അതുലിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
വിവാഹ മോചനം അനുവദിക്കാന്‍ 3 കോടി നഷ്ടപരിഹാരം ആവശ്യപ്പെടുക. വാദങ്ങള്‍ക്കു ബലം കിട്ടാനായി സ്ത്രീധന പീഢനവും പ്രകൃതി വിരുദ്ധ പീഡനം മുതല്‍ ഭാര്യപിതാവിന്റെ മരണത്തില്‍ പങ്കുണ്ടെന്നാരോപിച്ചു കൊലക്കേസ് വരെ നല്‍കുക. ബെംഗളുരുവിലെ ടെക്കിയുടെ ആത്മഹത്യ കുറിപ്പുലൂടെ കടന്നുപോകുമ്പോള്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള വൈര്യത്തിന്റെ ആഴം ബോധ്യമാകും.
മാറത്തഹള്ളിയിലെ ഫ്ലാറ്റില്‍ തിങ്കളഴ്ചയാണ് അതുലിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവാഹ മോചനത്തിനു നിയമ സഹായത്തിനായി സമീപിച്ച സന്നദ്ധ സംഘടനയുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ മരണകാരണം വിശദമാക്കി വിഡിയോ അയച്ചതിനു ശേഷമായിരുന്നു ആത്മഹത്യ. ഭാര്യ വീട്ടുകാരുടെ മാനസിക പീഢനത്തിനു ഉത്തര്‍ പ്രദേശിലെ കുടുംബ കോടതിയിലെ ജഡ്ജി കൂട്ടു നിന്നെന്നും അതുല്‍ ആരോപിക്കുന്നുണ്ട്.