പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ ഇരുപത്തിയൊന്നുകാരനായ പ്രതി പിടിയില്‍. ഓഗസ്റ്റിലാണ് പെണ്‍കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയത്. രണ്ടുമാസത്തിനിടെ പലതവണ പ്രതി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. പൊലീസ് പിടിയിലാകുമെന്ന് ഭയന്ന പ്രതി ട്രെയിന്‍ മാര്‍ഗം നാടുവിടാന്‍ തയ്യാറെടുക്കവേയാണ് പിടിയിലായത്.
ഉത്തര്‍പ്രദേശിലെ ഭാദോഹിയിലാണ് സംഭവം. ഓഗസ്റ്റ് ഇരുപതിനാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചതെന്ന് എസ്.പി മീനാക്ഷി കട്യായന്‍ വ്യക്തമാക്കി. ജൂലൈ 30നാണ് പെണ്‍കുട്ടിയെ കാണാതായത്. അന്നേദിവസം വൈകിട്ട് വീട്ടില്‍ പുറത്തുപോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു എന്നാണ് സഹോദരി പൊലീസിനു നല്‍കിയ വിവരം.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിശാല്‍ പ്രജാപതി എന്നൊരാള്‍ക്കൊപ്പം പെണ്‍കുട്ടി ഉണ്ടായിരുന്നതായി ബോധ്യപെട്ടു. ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍ അടക്കം ചുമത്തി കേസെടുത്തു. കഴിഞ്ഞ ഞായറാഴ്ച ഇയാളെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസ് പിടികൂടുകയായിരുന്നു.
വിശാലിനെ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി എവിടെയുണ്ടെന്ന വിവരം ലഭിച്ചത്. പെണ്‍കുട്ടിയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിസോധനയ്ക്കു വിധേയയാക്കി. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.