തൃശൂർ റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയയാള്‍ അറസ്റ്റിൽ. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം. കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിയൊൻപതിനായിരുന്നു കൊലപാതകം. തൃശൂർ കല്ലൂർ എരയാംകുടി സ്വദേശി ഷംജാദ് ആണ് കൊല്ലപ്പെട്ടത്. ആലപ്പുഴ സ്വദേശി ഹരീഷ് കുമാർ ആയിരുന്നു കൊലയാളി.
ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. റെയിൽവേ സ്റ്റേഷനു സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചു. മദ്യ ലഹരിയിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. കലിപൂണ്ട ഹരിഷ്, ഷംജാദിനെ കരിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. കൊലയ്ക്കു ശേഷം സ്ഥലംവിട്ട പ്രതി, വെളുപ്പിന് വീണ്ടും സംഭവസ്ഥലത്ത് എത്തി.
ഈ വരവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയത് നിർണായകമായി . നാട്ടിലേയ്ക്ക് മുങ്ങിയ പ്രതിയെ തൃശൂർ വെസ്റ്റ് പൊലീസ് പിടികൂടി . ഇൻസ്പെക്ടർ പി.ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കൊലയാളിയെ പിടികൂടിയത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിച്ച് തെളിവെടുത്തു.