വടക്കേ മലബാര്‍ കേന്ദ്രീകരിച്ച് കള്ളനോട്ട് നിര്‍മിച്ച് അയല്‍സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്ന മലയാളി സംഘം ബെംഗളുരു പൊലീസിന്റെ പിടിയില്‍. കണ്ണൂര്‍ കാസര്‍കോട് സ്വദേശികളായ നാലുപേര്‍ അറസ്റ്റിലായി. പ്രസ് ഉടമയായ കാസര്‍കോട് സ്വദേശിക്കായി തിരച്ചില്‍ തുടങ്ങി.
സ്വന്തം പ്രസില്‍ ഒറിജിനലിനെ വെല്ലുന്ന നോട്ടടിക്കുക. പിന്നീട് ബെംഗളുരു ഹൈദരബാദ് തുടങ്ങിയ മെട്രോ നഗരങ്ങളിലെത്തി വന്‍തുകയ്ക്ക് സാധനങ്ങള്‍ വാങ്ങി നോട്ട് മാറ്റിയെടുക്കുക. സിനിമാ കഥകളില്‍ മാത്രം കണ്ടുപരിചയമുള്ള കള്ളനോട്ടടി സംഘത്തെയാണു ബെംഗളുരു അല്‍സൂര്‍ ഗേറ്റ് പൊലീസ് അകത്താക്കിയത്. സംഭവങ്ങളുടെ തുടക്കം കഴിഞ്ഞ മാസം 9നു നഗരത്തിലെ ഗ്രാനൈറ്റ് വ്യാപാരി റിസര്‍വ് ബാങ്കിന്റെ മേഖലാ ഓഫീസിലെത്തുന്നതോടെയാണ്. കൈവശമുള്ള പിന്‍വലിച്ച 2000 രൂപയുടെ നോട്ടുകള്‍ മാറ്റിനല്‍കണമെന്നായിരുന്നു വ്യാപാരിയുടെ ആവശ്യം. 24.8 ലക്ഷം രൂപയുടെ നോട്ടുകളാണുണ്ടായിരുന്നത്. പരിശോധനയില്‍ വ്യാജമാണന്നു മനസിലാക്കിയ ആര്‍.ബി.ഐ. ഉദ്യോഗസ്ഥര്‍ വ്യാപാരിയെ തടഞ്ഞുവച്ചു പൊലീസിനു കൈമാറി.
നാല്‍പതു ലക്ഷം രൂപയ്ക്ക് ഗ്രാനൈറ്റ് വാങ്ങിയ കണ്ണൂര്‍ സ്വദേശി പ്രസീദ് നല്‍കിയതാണു നോട്ടുകളെന്നായിരുന്നു ഇയാളുടെ മൊഴി . ഉടന്‍ ബെംഗളുരു പൊലീസ് കണ്ണൂരിലെത്തി പ്രസീദിനെ പിടികൂടി. ഏജന്റുമാരായ കാസര്‍കോട് സ്വദേശി മുഹമ്മദ് അഫ്നാസ്, അന്‍വര്‍ കണ്ണൂരുകാരന്‍ നൂറുദ്ദീന്‍ എന്നിവര്‍ വഴിയാണു പിന്‍വലിച്ച നോട്ടുകള്‍ സംഘടിപ്പിച്ചതെന്നായിരുന്നു ഇയാളുടെ മൊഴി. മൂവരെയും പിടികൂടി ചോദ്യം ചെയ്തപ്പോഴാണു കാസര്‍കോട് സ്വദേശി പ്രയാസാണു സംഘത്തലവനെന്നു കണ്ടെത്തിയത്. സമാന കേസില്‍ മംഗളുരു സിറ്റി ക്രൈം ബ്രാഞ്ച് പിടികൂടിയ പ്രയാസ് നിലവില്‍ ജയിലിലാണ്. ഇയാളുടെ കൂട്ടാളിയായ ശരത് എന്നയാളുടെ പ്രസിലാണു നോട്ടുകളുടെ അച്ചടിയെന്നാണ് അറസ്റ്റിലായവരുടെ മൊഴി. ഒളിവില്‍ പോയ ശരതിനെ പിടികൂടിയാല്‍ മാത്രമേ പ്രസ് കണ്ടെത്താന്‍ കഴിയൂ. അറസ്റ്റിലായവരില്‍ നിന്നു 54 ലക്ഷം രൂപയുടെ വ്യാജ നോട്ടുകളും കണ്ടെടുത്തു.