സ്വകാര്യപാര്‍ട്ടികളുടെ മറവില്‍ ‘കാമുകി കൈമാറ്റം’ നടത്തിവന്ന സംഘത്തെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. യുവതികളെ ഭീഷണിപ്പെടുത്തുകയും കൈമാറ്റം ചെയ്യുകയും ചെയ്തെന്നാരോപിച്ച് ഹരീഷ്, ഹേമന്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവതികളെ കൈമാറ്റം ചെയ്യുന്ന ഓപ്പറേഷന്‍ ‘സ്വിങ്ങേഴ്‌സ്’എന്ന പേരിലാണ് അറിയപ്പെട്ടത്. സ്ത്രീകളെ ഭീഷണിപ്പെടുത്തിയാണ് പങ്കാളി കൈമാറ്റം നടത്തുന്നത്. ബംഗളൂരുവിലാണ് സംഭവം.
തന്നെ ഭീഷണിപ്പെടുത്തി ഓപ്പറേഷന്റെ ഭാഗമാക്കാന്‍ നോക്കിയെന്നുകാണിച്ച് ഒരു യുവതി സിസിബിയില്‍ പരാതി നല്‍കിയതോടെയാണ് ഈ സംഭവം
വെളിച്ചത്തുവന്നത്. കുറ്റാരോപിതന്‍ നിര്‍ബന്ധിച്ച് അയാളുടെ പരിചയക്കാരുമായും സുഹൃത്തുക്കളുമായും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ആവശ്യം നിരസിച്ചപ്പോള്‍ തന്റെ സ്വകാര്യചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു.
യുവതിയുടെ കാമുകനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ സ്ഥിരം പരിപാടിയാണിതെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രണയം നടിച്ച് കൂടെക്കൂടുകയും സ്വകാര്യചിത്രങ്ങള്‍ സൂക്ഷിച്ചുവക്കുകയും ചെയ്ത ശേഷമാണ് മറ്റുള്ളവരുമായുള്ള ലൈംഗികബന്ധത്തിനു യുവതികളെ നിര്‍ബന്ധിക്കുന്നത്. ഈ യുവതിക്കു മാത്രമല്ല മുന്‍പും സമാനസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഹരീഷും ഹേമന്തും സ്ഥിരം കുറ്റവാളികളാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് ബംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഇവര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്. ഈ പാര്‍ട്ടികളിലൂടെയാണ് യുവതികളെ കാണുന്നതും കൈമാറ്റം ചെയ്യാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതും. ഇരകളെ ഭീഷണിപ്പെടുത്താനായി പ്രതികള്‍ സൂക്ഷിച്ചുവച്ച ദൃശ്യങ്ങളും ഫോട്ടോസും അന്വേഷണത്തിനിടെ പൊലീസ് കണ്ടെടുത്തു.