ഭാര്യയുടെ പേരിലുള്ള സ്ഥലം വിറ്റ് പണം കൊടുക്കാത്തതിന്റെ വിരോധത്തിൽ ഭാര്യയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ.കൊല്ലം പൂയപ്പള്ളിയിലാണ് മദ്യലഹരിയിൽ പ്രതി കാറുമായി അതിക്രമം നടത്തിയത്.
ചെറുവയ്ക്കൽ സ്വദേശി പ്രകാശനാണ് പൂയപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പ്രകാശൻ മദ്യപിച്ച ശേഷം കാറുമായി അമിത വേഗത്തിൽ വീടിന്റെ ഗേറ്റ് ഇടിച്ച് തകർക്കുകയും ഭാര്യയെ ഇടിച്ച് വീഴ്ത്തി കൊല്ലാനും ശ്രമിച്ചു. കാറിടിച്ച് പരുക്കേറ്റ പ്രകാശൻ്റെ ഭാര്യ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. നിരന്തരം ലഹരി ഉപയോഗിച്ച ശേഷം പ്രതി ഭാര്യയെ ഉപദ്രവിക്കുക പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
ഭാര്യയുടെ പേരിലുള്ള ഒരേക്കർ സ്ഥലം വിറ്റ് പണം കൊടുക്കാൻ വിസമ്മതിച്ചതിലുള്ള വൈരാഗ്യത്തിലാണ് നിരന്തരം അതിക്രമം തുടരുന്നത്. മദ്യപിച്ച് അമിത വേഗതയിൽ സ്ഥിരമായി വാഹനമോടിക്കുന്നതിനാൽ നാട്ടുകാർക്കും പേടിയാണ്. പ്രതിയെ പൊലീസ് സംഘം സാഹസികമായാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രകാശനെ റിമാൻഡ് ചെയ്തു.