ചാലക്കുടിയില്‍ ഫ്ളോര്‍ മില്ലിനുള്ളില്‍ കയറി ജീവനക്കാരിയെ ആക്രമിച്ച് രണ്ടു പവന്റെ മാല പൊട്ടിച്ചു. മോഷ്ടാവിനെ പിന്നീട് ചാലക്കുടിയിലെ ബാറില്‍ നിന്ന് പിടികൂടി. നോര്‍ത്ത് ചാലക്കുടിയില്‍ ഉച്ചയ്ക്കു രണ്ടു മണിയോടെയായിരുന്നു ആക്രമണം. ചാലക്കുടി സ്വദേശിനിയായ ജീന വര്‍ഗീസ് ഫ്ളോര്‍ മില്ലില്‍ ജോലി ചെയ്യുകയായിരുന്നു.
ഈ സമയം, ഫ്ളോര്‍ മില്ലിനുള്ളില്‍ കയറിയ മോഷ്ടാവ് ബലംപ്രയോഗിച്ച് കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ വായ പൊത്തിപ്പിടിച്ചു. മല്‍പിടുത്തം തുടര്‍ന്നു. രണ്ടു പവന്റെ മാലയുെട ഒരു ഭാഗം മോഷ്ടാവിന് കിട്ടി. താലിയുള്ള ഭാഗം നിലത്തു വീണു. ആള്‍പെരുമാറ്റം സംശയിച്ച് മോഷ്ടാവ് ഓടി. പുറത്തു നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ കയറി രക്ഷപ്പെട്ടു. താലിയുടെ ഭാഗം തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലായിരുന്നു ജീന.
കള്ളന്‍ സ്കൂട്ടറില്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പിന്നാലെ പുറത്തുവിട്ടു. ഇതുകണ്ടവര്‍ പലരും പൊലീസിനെ വിളിച്ച് വിവരമറിയിച്ചു. അങ്ങനെയാണ്, ചാലക്കുടി ബാറില്‍ നിന്ന് മോഷ്ടാവിനെ കിട്ടിയത്. ചാലക്കുടി സ്വദേശിയായ രാജനാണ് അറസ്റ്റിലായത്. കള്ളനെ ചോദ്യംചെയ്തു വരികയാണ്. സമാനമായ, മോഷണക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.