TOPICS COVERED

ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്ന് ഓൺലൈനായി 7 കോടി 65 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യ ആസൂത്രകൻ അറസ്റ്റിൽ. രാജസ്ഥാനിൽ നിന്നാണ് ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി  എ . സുനിൽ രാജിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം നിർമൽ ജയിൻ എന്നയാളെ പിടികൂടിയത്. ഓൺ ലൈൻ തട്ടിപ്പ് നടത്തുന്ന ചൈനീസ് കമ്പനിയുമായ നേരിട്ടു ബന്ധമുള്ള ഇന്ത്യയിലെ മുഖ്യ കണ്ണികളിലൊരാളാണ് പിടിയിലായ നിർമൽ ജയിൻ. 

ചേർത്തലയിൽ കോടികളുടെ തട്ടിപ്പിനു ശേഷം മുങ്ങിയ ഇയാളെ രാജസ്ഥാനിലെ ഒളിയിടത്തിൽ എത്തിയാണ് ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം വലയിലാക്കിയത്. രാജസ്ഥാനിലെ പാലി ജില്ലയിലെ ജോജോവാൻ എന്ന സഥലത്താണ് ഒളിച്ചത്. 2022 മുതൽ ഓൺലൈൻ തട്ടിപ്പ് സംഘത്തിന്‍റെ ആസൂത്രകനായി പ്രവർത്തിക്കുന്ന ഇയാൾ ആദ്യമായാണ് അറസ്റ്റിലാകുന്നത്. പത്തോളം ബാങ്കുകളിൽ അക്കൗണ്ട് ഉള്ള ഇയാൾ ബാങ്കുകളുടെ പേരിൽ നിരവധി വ്യാജ ഇ -മെയിൽ ഐഡികൾ ഉണ്ടാക്കിയതായി കണ്ടെത്തി. ക്രിപ്റ്റോകറൻസി വാലറ്റുകളും ഇയാൾക്കുണ്ട്. ചേർത്തലയിലെ ഡോക്ടർ ദമ്പതികൾക്ക് ഓൺലൈൻ ഓഹരി തട്ടിപ്പിലൂടെയാണ് 7.65 കോടി രൂപ നഷ്ടമായത്. 

തട്ടിപ്പു നടത്തുന്ന ചൈനീസ് കമ്പനിയുമായി നേരിട്ട് ബന്ധമുള്ള ആളാണ് പിടിയിലായ നിർമൽ ജയിൻ .തട്ടിപ്പ് കേസിൽ ചൈനീസ് കമ്പനിയുമായി ബന്ധമുള്ള ഭഗവൻ റാം എന്നയാളെ കഴിഞ്ഞ മാസം പിടികൂടി. ഇതിനു ശേഷമാണ് നിർമൽ ജയിൻ ഒളിവിൽ പോയത്. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പു സംഘം പ്രവർത്തിക്കുന്നത്. ചില മലയാളികളും സംഘത്തിന്‍റെ ഭാഗമാണോയെന്ന സംശയം ക്രൈം ബ്രാഞ്ചിനുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത നിർമൽ ജയിനെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും.