TOPICS COVERED

രാത്രിയില്‍ റോഡിലിറങ്ങിയതിന് യുവാക്കളെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി അ൪ഷാദിനും മി൪ഷാദിനുമാണ് മ൪ദനമേറ്റത്. ജാഗ്രതാ സമിതിയെന്ന പേരില്‍ രൂപീകരിച്ചിട്ടുള്ള സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് മര്‍ദിച്ചതെന്നാണ് യുവാക്കളുടെ ആക്ഷേപം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കഴിഞ്ഞദിവസം രാത്രിയിലായിരുന്നു ആക്രമണം. അ൪ഷാദ് മകൾക്കൊപ്പം സാധനങ്ങൾ വാങ്ങാൻ വീടിന് പുറത്തിറങ്ങിയതായിരുന്നു. ഇതിനിടയിൽ ഒരു സംഘം അ൪ഷാദിനെ തടയുകയായിരുന്നു. പത്തുമണിക്കു ശേഷം പുറത്തിറങ്ങരുതെന്നായിരുന്നു സംഘത്തിന്റെ മുന്നറിയിപ്പ്. ഇത് ചോദ്യം ചെയ്ത അ൪ഷാദിനെ കയ്യിലുണ്ടായിരുന്ന ആയുധങ്ങളുപയോഗിച്ച് സംഘം മ൪ദിച്ചുവെന്നാണ് പരാതി.  

മ൪ദനത്തിൽ അ൪ഷാദിന്റെ കാലിനും ചെവിക്കും പരുക്കേറ്റു. ശരീരം മുഴുവൻ അടിയേറ്റതിന്റെ പാടുകളുമുണ്ട്. അ൪ഷാദിനെ മ൪ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കൾ ഓടിയെത്തി. ഇവരെയും സംഘം ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ ലഹരി മാഫിയക്കെതിരെ നാട്ടുകാര്‍ ജാഗ്രത സമിതി രൂപീകരിച്ചിട്ടുണ്ട്. രാത്രി പത്തുമണിക്കു ശേഷം അസ്വാഭാവികമായി ആരെക്കണ്ടാലും യാത്രാലക്ഷ്യം ചോദിക്കാറുണ്ട്. യുവാക്കളെ മര്‍ദിച്ചിട്ടില്ലെന്നും ആരോപണം അ‌ടിസ്ഥാനരഹിതമെന്നുമാണ് ജാഗ്രതാസമിതിയുടെ വിശദീകരണം. യുവാക്കളുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് ആക്രമിച്ചവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി ശ്രീകൃഷ്ണപുരം പൊലീസ് അറിയിച്ചു.