TOPICS COVERED

ഡൽഹിയിൽ 34 വയസുകാരി ബലാൽസംഗത്തിനിരയായി റോഡിലുപേക്ഷിക്കപ്പട്ട നിലയിൽ. സരായ് കാലെഖാനിലാണ് ഒഡീഷ സ്വദേശിയായ യുവതിയെ കണ്ടെത്തിയത്. ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഒഡീഷയിലെ വീട് വിട്ട് ഒരു വർഷത്തോളമായി ഡൽഹിയിൽ പലയിടങ്ങളിലായി താമസിക്കുന്ന യുവതിയാണ് കൂട്ടബലാൽസംഗത്തിന് ഇരയായത്. 

തെക്ക് കിഴക്കൻ ഡൽഹിയിലെ സരായ് കലെ ഖാനിൽ ബാലാ സാഹെബ് ഗുരുദ്വാരയ്ക്ക് സമീപമാണ് ഇന്നലെ പുലർച്ചെ ഒരു നാവികസേന ഉദ്യോഗസ്ഥൻ അർദ്ധനഗ്നയായി റോഡിൽ കിടക്കുന്ന യുവതിയെ കണ്ടെത്തിയത്. സ്വകാര്യഭാഗങ്ങളിലടക്കം രക്തം വാർന്ന നിലയിലായിരുന്നു യുവതി. രണ്ട് മാസങ്ങൾക്ക്‌ മുൻപ് യുവതിയുടെ മൊബൈൽഫോൺ മോഷണം പോയതായി പൊലീസ് പറയുന്നു. 

കയ്യിലെ പണവും തീർന്നതോടെ എടിഎമ്മുകൾക്ക് സമീപവും മെട്രോ സ്റ്റേഷനുകൾക്ക് താഴെയുമായിരുന്നു രാത്രി കഴിച്ചുകൂട്ടിയിരുന്നത്. യുവതിയെ തട്ടിക്കൊണ്ടുപോയി മറ്റൊരിടത്തുവച്ച് ബലാത്സംഗത്തിനിടയാക്കി തിരികെ ഉപേക്ഷിച്ചു എന്നതാണ് പൊലീസിന്റെ നിഗമനം. മൊഴി നൽകാൻ കഴിയുന്ന മാനസികാവസ്ഥയിൽ അല്ല യുവതിയുള്ളതെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. മാനസികരോഗ വിദഗ്ധരുടെ സഹായത്തോടെ പൊലീസ് യുവതിയുടെ മൊഴിയെടുക്കും. 

ENGLISH SUMMARY:

Young woman gang raped and abandoned on road in Delhi.