വീടിന് സമീപം കളിച്ചുകൊണ്ടുനിന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഗുജറാത്തിലെ ബറൂച്ചിലാണ് പെണ്‍കുട്ടിക്ക് ക്രൂര പീഡനം നേരിടേണ്ടി വന്നത്. സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ വിജയ് പസ്വാനാണ് പിടിയിലായത്. പീഡനത്തില്‍ കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്ക് സാരമായ ക്ഷതം സംഭവിച്ചു. അരക്കെട്ട് തകര്‍ന്നതായും ഡോക്ടര്‍മാര്‍ കണ്ടെത്തി.
പെണ്‍കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്ന അതേ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നയാളാണ് പ്രതി. കുട്ടിയുടെ വീടിനടുത്താണ് ഇയാളും വാടകയ്ക്ക് താമസിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച ശേഷം സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റുകയായിരുന്നു. സാരമായി മുറിവേറ്റ കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അരക്കെട്ടിലെ മുറിവ് ഗുരുതരമായതോടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. നിലവില്‍ വഡോദരയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പെണ്‍കുട്ടിയുള്ളത്. കഴിഞ്ഞമാസവും യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
കുട്ടിയെ വീടിനടുത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം രക്തം വാര്‍ന്നനിലയില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു. രക്ഷിക്കണേയെന്ന കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടോടിയെത്തിയ അമ്മയാണ് മകളെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പ്രതി വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഇയാള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതിവേഗം കേസിലെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് വ്യക്തമാക്കി.