ട്രെയിൻ യാത്രികരായ മലയാളി ദമ്പതികളെ ബോധം കെടുത്തി മോഷണം ട്രെയിനില്‍ കുടിവെള്ളത്തില്‍ ലഹരിമരുന്ന് കലര്‍ത്തി ബോധംകെടുത്തി മോഷണം. പത്തനംതിട്ട വടശേരിക്കര സ്വദേശികളായ പി.ഡി.രാജു, ഭാര്യ മറിയാമ്മ എന്നിവരാണ് മോഷണത്തിന് ഇരയായത്. സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണും അടക്കം മോഷണം പോയി. ഇവര്‍ തമിഴ്നാട്ടിലെ ഹൊസൂറില്‍ സ്ഥിരതാമസക്കാരാണ്. നാട്ടില്‍ വന്നു തിരിച്ചു പോകുമ്പോള്‍ കൊല്ലം വിശാഖപട്ടണം എക്സ്പ്രസില്‍ വെള്ളിയാഴ്ചയാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ഉറങ്ങിക്കിടക്കുമ്പോള്‍ സമീപത്ത് വച്ചിരുന്ന ഫ്ലാസ്കിലാണ് മരുന്ന് കലര്‍ത്തിയത്.
ജോളാര്‍പ്പേട്ടയില്‍ ഇറങ്ങേണ്ടവര്‍ ഉറങ്ങിപ്പോയത് കാരണം കാട്പാടിയിലാണ് ഇറങ്ങിയത്. വിളിച്ചിട്ട് കിട്ടാതെ വന്നതോടെ മകന്‍റെ അന്വേഷണത്തിലാണ് ട്രെയിനില്‍ നിന്ന് പൊലീസ് ഇവരെ കണ്ടെത്തിയത്. കാട്പാടി പൊലീസില്‍ പരാതി നല്‍കി. ട്രെയിനിലെ സ്ഥിരം മോഷ്ടാക്കളാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. വെല്ലൂര്‍ സിഎംസിയിയില്‍ ചികില്‍സയിലാണ് ദമ്പതികള്‍.