ഛത്തീസ്ഗഢിനെ നടുക്കി പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയുടേയും മകളുടേയും കൊലപാതകം. സൂരജ്പൂർ ജില്ലയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. ഹെഡ് കോൺസ്റ്റബിൾ താലിബ് ഷെയ്ഖിന്‍റെ ഭാര്യ മെഹ്നാസ് (35), മകൾ ആലിയ (11) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി കുൽദീപ് സാഹു എന്നയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... ദുര്‍ഗാ പൂജ ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച രാത്രി നടന്ന ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയിൽ വിന്യസിച്ചിരുന്ന കോൺസ്റ്റബിൾമാരും പ്രതിയുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനു പിന്നാലെ കോണ്‍സ്റ്റബിള്‍മാരില്‍ ഒരാളുടെ ദേഹത്ത് പ്രതി തിളച്ച എണ്ണ ഒഴിച്ചതോടെയാണ് അക്രമണ പരമ്പരയ്ക്ക് തുടക്കം. ഗുരുതരമായി പൊള്ളലേറ്റ കോൺസ്റ്റബിളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ ഓടിച്ചിരുന്ന വാഹനം ഇയാള്‍ താലിബ് ഷെയ്ഖിന്‍റെ ദേഹത്തുകൂടി കയറ്റിയിറക്കാനും ശ്രമിച്ചു. എന്നാല്‍ ശ്രമം പരാജയപ്പെട്ടു. പിന്നാലെ ഇയാള്‍ താലിബ് ഷെയ്ഖിന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി ഭാര്യയെയും മകളെയും അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോളാണ് പൊലീസ് ഉദ്യോഗസ്ഥന്‍ സംഭവം അറിയുന്നത്. വീടിന്‍റെ വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. ഭാര്യയെയും മകളെയും കാണാനില്ലായിരുന്നു. വീടിനുള്ളിൽ രക്തക്കറ കണ്ടതോടെ താലിബ് ഷെയ്ഖ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പിന്നാലെ നടത്തിയ തിരച്ചിലില്‍ രാവിലെയാണ് 4 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രതി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മെഹ്നാസിനെയും പതിനൊന്നുകാരിയായ മകള്‍ ആലിയയേയും ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഞായറാഴ്ച രാത്രി മുതൽ പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ, ഇരട്ടക്കൊലപാതക വാർത്ത പുറത്തുവന്നതോടെ രോഷാകുലരായ നാട്ടുകാർ സാഹുവിന്‍റെ വീട് ആക്രമിച്ച് തീവച്ചു. സംഭവസമയത്ത് സാഹുവിൻ്റെ കുടുംബാംഗങ്ങൾ ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇതിന്‍റെ വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സംഭവസ്ഥലത്തുണ്ടായിരുന്ന സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ (എസ്‌ഡിഎം) ജനക്കൂട്ടം ആക്രമിക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തെ തുടര്‍ന്ന് നഗരത്തിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കര്‍ശനമായ വാഹന പരിശോധനയും തുടരുകയാണ്.