വാഹനം ഓവര്‍ടേക്ക് ചെയ്തതിന്‍റെ പേരിലുള്ള തര്‍ക്കം കലാശിച്ചത് അതിക്രൂര കൊലപാതകത്തില്‍. മുംബൈ മാലാഡിൽ മകനെ മാതാപിതാക്കളുടെ മുന്നിലിട്ട് തല്ലിക്കൊന്ന ഒന്‍പതുപേര്‍ പൊലീസ് പിടിയിലായി. 27കാരനായ ആകാശ് മെയ്ന്‍ ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
ദസറയോടനുബന്ധിച്ച് പുതിയ വാഹനം വാങ്ങാൻ പോകുമ്പോഴാണ് ആക്രമണമുണ്ടായത്. ആകാശിന്‍റെ മാതാപിതാക്കള്‍ അക്രമികളെ തടയാന്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവരെയും പ്രതികള്‍ ക്രൂരമായി തല്ലിച്ചതച്ചു. മാലാഡ് റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം.
ഓട്ടോയിലെത്തിയ സംഘം ആകാശിന്‍റെ വാഹനം വെട്ടിച്ച് മുന്നോട്ടെടുത്തു. ഇതോടെയാണ് തര്‍ക്കം ഉടലെടുത്തത്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ആകാശിനെ അക്രമികള്‍ തല്ലിച്ചതയ്ക്കുമ്പോള്‍ അമ്മ ഇയാളുടെ മുകളില്‍ കിടന്ന് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചു. അച്ഛനാകട്ടെ അക്രമികളെ തള്ളിമാറ്റാന്‍ ശ്രമിച്ചു. അക്രമികളോട് ആകാശിന്‍റെ അച്ഛന്‍ മാപ്പു പറയുന്നതടക്കം ദൃശ്യങ്ങളിലുണ്ട്.
ഓട്ടോ ഡ്രൈവറെയും മൂന്ന് സുഹൃത്തുക്കളെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഒന്‍പതു പേര്‍ നിലവില്‍ കസ്റ്റഡിയിലുണ്ട്. വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.