ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹി. പരിശീലനത്തില്‍ പങ്കെടുക്കാതെ മുങ്ങി നടക്കുകയും പുലരുവോളം പാര്‍ട്ടിക്ക് പോവുകയുമാണ് പൃഥ്വി ഷാ ചെയ്യുന്നതെന്നും രാവിലെ ആറുമണിയോടെ മാത്രമാണ് സഈദ് മുഷ്താഖ് ട്രോഫി നടക്കുമ്പോള്‍ പോലും ടീം താമസിക്കുന്ന ഹോട്ടലില്‍ എത്തിയിരുന്നതെന്നും പേര് വെളിപ്പെടുത്താത്ത ഉന്നന്‍ തുറന്നടിച്ചു. പൃഥ്വി ഷാ തന്നെയാണ് അദ്ദേഹത്തിന്‍റെ ശത്രുവെന്നും തുടര്‍ച്ചയായി അച്ചടക്കം ലംഘിക്കുന്ന ഒരാളെ എങ്ങനെയാണ് ടീമില്‍ ഉള്‍പ്പെടുത്തുകയെന്നും എംസിഎ ഉന്നതര്‍ ചോദിക്കുന്നു. ഫിറ്റ്നസ് നിലനിര്‍ത്തുന്നതില്‍ അമ്പേ പരാജയമാണെന്നതിന് പുറമെ തുടര്‍ച്ചയായ അച്ചടക്ക ലംഘനവും മോശം പെരുമാറ്റവുമാണ് ഷായെ പുറത്തിരുത്താന്‍ കാരണമായതെന്നും ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തി.
വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിലിടം പിടിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് പൃഥ്വി ഷാ കഴിഞ്ഞ ദിവസം ഏറെ വൈകാരികമായി പ്രതികരിച്ചിരുന്നു. സഈദ് മുഷ്താഖ് അലി ട്രോഫി മല്‍സരങ്ങള്‍ക്കിടെ പൃഥ്വിയുടെ ഫിറ്റ്നസില്ലായ്മ പ്രകടമായിരുന്നുവെന്നും തൊട്ടടുത്ത് പന്ത് വീണിട്ട് പോലും ഓടിയെടുക്കാന്‍ പൃഥ്വിക്ക് കഴിഞ്ഞില്ലെന്നും എംസിഎ ഉന്നതന്‍ പറയുന്നു. 10 പേരേ ടീമിലുള്ളൂവെന്ന് കരുതിയാണ് ടൂര്‍ണമെന്‍റ് പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം തുറന്നടിച്ചു. ടീമിലെ എല്ലാവര്‍ക്കും ഒരേ നിയമങ്ങളാണ്. സീനിയര്‍ താരങ്ങള്‍ വരെ പൃഥ്വി ഷായുടെ പെരുമാറ്റത്തില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുംബൈ ക്യാപ്റ്റനായ ശ്രേയസ് അയ്യരും പൃഥ്വിയുടെ പെരുമാറ്റത്തിനെതിരെ കടുത്ത നിലപാടാണ് എടുത്തത്. 'തൊഴിലിടത്തില്‍ ധാര്‍മികത പാലിക്കാന്‍ ഷാ തയ്യാറാവേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ ആകാശം മാത്രമാകും പൃഥ്വി ഷായുടെ അതിര്' എന്നായിരുന്നു ശ്രേയസ് വ്യക്തമാക്കിയത്. 'ചെറിയ കുട്ടിയ പോലെ ഒരാളെയും നോക്കാന്‍ കഴിയില്ല. എല്ലാവരും അദ്ദേഹത്തോട് സംസാരിച്ചിരുന്നു. ക്രിക്കറ്റ് ജീവിതത്തില്‍ വേണമെന്ന് അദ്ദേഹത്തിന് സ്വയം തോന്നുകയാണ് ഇനി വേണ്ടത്. കളിയെ കുറിച്ച് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന് കളിക്കാനും വേണ്ട തീരുമാനങ്ങള്‍ എടുക്കാനും അറിയാവുന്ന ആളാണെന്ന് മുന്‍ അനുഭവങ്ങളുണ്ടെന്നും ശ്രേയസ് വ്യക്തമാക്കി.
2018 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായാണ് പൃഥ്വി ഷാ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. അന്ന് 18 വയസായിരുന്നു പ്രായം. കന്നി മല്‍സരത്തില്‍ തന്നെ സെഞ്ചറിയുമായി തിളങ്ങുകയും ചെയ്തു. ആ പ്രകടനം പിന്നീടൊരിക്കലും ആവര്‍ത്തിക്കാനും കഴിഞ്ഞില്ല. ഏകദിനത്തിലും ട്വന്‍റി 20യിലും നേട്ടമുണ്ടാക്കാനും താരത്തിന് കഴിഞ്ഞില്ല. 2021 ന് ശേഷം ഇന്ത്യയ്ക്കായി ഷാ വൈറ്റ് ബോള്‍ കളിച്ചിട്ടുമില്ല.
ഐപിഎല്‍ മെഗാലേലത്തില്‍ ആരും വാങ്ങാനാളില്ലാതെ വന്നതോടെയാണ് പൃഥ്വി ഷാ വീണ്ടും ചര്‍ച്ചയില്‍ നിറഞ്ഞത്. അടിസ്ഥാന വിലയായ 75 ലക്ഷത്തിന് പോലും ആരും പൃഥ്വി ഷായെ വാങ്ങിയില്ല. പൃഥ്വി ഷായുടെ കഴിവില്‍ സംശയമില്ലെന്നും എന്നാല്‍ ക്രിക്കറ്റിന് പുറത്തെ ജീവിതം ചിട്ടപ്പെടുത്താന്‍ ഷാ തയ്യാറാവണമെന്നും മുന്‍ ഇംഗ്ലിഷ് താരം കെവിന്‍ പീറ്റേഴ്സണ്‍ ഉള്‍പ്പടെയുള്ളവര്‍ സമൂഹ മാധ്യമങ്ങളിലൂടെ തുറന്ന് പറഞ്ഞിരുന്നു.