പാലക്കാട് മണ്ണാര്‍ക്കാടില്‍ പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്നും നാല്‍പ്പത്തി ഒന്‍പത് പവന്‍ സ്വര്‍ണം നഷ്‌ടപ്പെട്ടതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ പകുതിയോടടുത്ത് സ്വര്‍ണം വീടിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വീട്ടുമുറ്റത്തെ കിണറിനോട് ചേര്‍ന്നുള്ള ബക്കറ്റിലാണ് ഇരുപത് പവന്‍ സ്വര്‍ണം കണ്ടെത്തിയത്.
പുല്ലിശ്ശേരി താണിക്കുന്ന് സ്രാമ്പിക്കല്‍ വീട്ടില്‍ ഷാജഹാന്റെ വീട്ടില്‍ നിന്നാണ് ഞായറാഴ്ച സ്വര്‍ണം നഷ്ടപ്പെട്ടത്. 49 പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. രാവിലെ വീട്ടുകാര്‍ വെള്ളം നിറയ്ക്കാനായി ബക്കറ്റ് എടുത്തപ്പോഴാണ് ബക്കറ്റില്‍ സ്വര്‍ണാഭരണങ്ങള്‍ കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് മണ്ണാര്‍ക്കാട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കേസെടുത്തിട്ടുള്ളതിനാല്‍ പൊലീസെത്തി ആഭരണങ്ങള്‍ സ്‌റ്റേഷനിലേക്ക് മാറ്റി.
അടുത്ത വീട്ടിലെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ കുടുംബം പോയ സമയത്താണ് വീടിനകത്ത് നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ വാതില്‍ തുറന്ന നിലയിലും കിടപ്പുമുറിയിലെ അലമാരയിലെ തുണികളും ബാഗുമെല്ലാം വലിച്ചുവാരി താഴെയിട്ട നിലയിലുമായിരുന്നു. പരിശോധനയില്‍ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടെന്ന് ബോധ്യമായി.
ഷാജഹാന്റെ പരാതിയില്‍ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരുമെത്തി തെളിവുകളും ശേഖരിച്ചു. ശാസ്ത്രീയപരിശോധന ഊര്‍ജിതമാക്കിയതോടെ പിടിക്കപ്പെടുമെന്ന ഭയത്താല്‍ മോഷ്ടിച്ചവര്‍ ആഭരണങ്ങള്‍ തിരികെ കൊണ്ടുവന്നിട്ടതാകാമെന്നാണ് പൊലീസ് നിഗമനം.