മലപ്പുറം കരിപ്പൂരിലെ ഒാഡിറ്റോറിയത്തില്‍ വിവാഹത്തിനിടെ അലങ്കാരപ്പണിക്ക് സഹായിക്കാന്‍ എത്തിയ പ്രായപൂര്‍ത്തിയാവാത്ത രണ്ട് വിദ്യാര്‍ഥികളെ 20 അംഗ സംഘം ക്രൂരമായി മര്‍ദിച്ചു. കല്ല്യാണം മുടക്കാന്‍ വന്നവരാണന്ന് ആരോപിച്ചായിരുന്നു കൂട്ട മര്‍ദ്ദനമെന്ന് പതിനാറും പതിനേഴും വയസ് പ്രായമുളള പൂക്കോട്ടൂര്‍ പളളിമുക്കിലെ  കുട്ടികള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

വിവാഹ ചടങ്ങിനിടെയുളള ആഘോഷത്തില്‍ അലങ്കാരമൊരുക്കുന്ന കരാറുകാരനെ സഹായിക്കാനാണ് മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശികളായ വിദ്യാര്‍ഥികളെത്തിയത്. വിവാഹം മുടക്കാന്‍ എത്തിയവരെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ വധുവിന്‍റെ അടുത്ത ബന്ധുക്കള്‍  സംഘം ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് പരാതി.

സാരമായി പരുക്കേറ്റ കുട്ടികള്‍ ഒാഡിറ്റോറിയത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയുളള പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ആശുപത്രിയിലേക്ക് പോകാനാണ് നിര്‍ദേശം നല്‍കിയത്. ഇരുവര്‍ക്കും ദേഹമാസകലം മര്‍ദനമേറ്റിട്ടുണ്ട്. ഒാഡിറ്റോറിയത്തിന്‍റെ സിസിടിവി കാമറകളില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളുണ്ട്. കരിപ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

A 20-member gang brutally beat up two minor students