TOPICS COVERED

ഇടുക്കി നെടുങ്കണ്ടം പാറത്തോട്ടിൽ എ.ടി.എം കുത്തിതുറന്ന് പണം കവരാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. മധ്യപ്രദേശ് സ്വദേശികളായ അതിഥി തൊഴിലാളികളാണ് അറസ്റ്റിലായത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

പാറത്തോട്ടിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ എടിഎമ്മാണ് കുത്തിപ്പൊളിച്ച് പണം കവരാൻ ശ്രമം നടന്നത്. പണം വെച്ചിരുന്ന ലോക്കറുകൾ തകർക്കാൻ സാധിക്കാതെ വന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. മധ്യപ്രദേശ് സ്വദേശികളായ രാം ദുർവെ, തരുൺ എന്നിവർ ചേർന്നാണ് മോഷണ ശ്രമം നടത്തിയത്. എടിഎം ഉടമകളായ സ്വകാര്യ ധനകാര്യ സ്ഥാപന അധികൃതർ ഇന്നലെ രാത്രി സിസിടിവി ദൃശ്യങ്ങൾ കൈമാറിയതോടെയാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. 

പൊലീസ് പുറത്തുവിട്ട ലുക്ക് ഔട്ട്‌ നോട്ടീസ് കണ്ട നാട്ടുകാർക്ക് പ്രതികളെ മനസ്സിലാവുകയായിരുന്നു. പിന്നീട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. ഇവർ നാലുവർഷമായി പാറത്തോട്ടിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞദിവസം ഇവർ തോട്ടം ഉടമയോട് നാട്ടിൽ പോവുകയാണെന്ന് അറിയിച്ചിരുന്നു. ഇതിനുശേഷം രാത്രി 12 മണിയോടെ എ ടി എം ന് സമീപത്ത് പ്രതികൾ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നെടുങ്കണ്ടം പൊലീസ് പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കും

ENGLISH SUMMARY:

ATM robbery attempt