ബെംഗളൂരുവില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നുവെന്നതിന്‍റെ തെളിവായി ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്. 2021 മുതല്‍ 2023 വരെയുള്ള കണക്കുകള്‍ പ്രകാരം പ്രായപൂര്‍ത്തായാകാത്ത ആണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2021ല്‍ 88 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നിടത്ത് നിന്ന് 2023 ആയപ്പോഴേക്കും അത് 144 ആയി ഉയര്‍ന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും സഹായത്തിനുമായി മൈസൂരു കേന്ദ്രീകരിച്ച്  പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ഗ്രൂപ്പായ ‘ഒടനടി സേവാ സംസ്ഥ’യാണ് വിഷയത്തിലേക്ക് സമൂഹശ്രദ്ധ ക്ഷണിക്കുന്നത്.

പ്രായപൂര്‍ത്തായാകാത്ത ആണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വലിയ തോതില്‍ വര്‍ധിക്കുകയാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിലും ഇരട്ടിയിലധികം സംഭവങ്ങള്‍ നടക്കുന്നിണ്ടെന്ന് വേണം കരുതാനെന്ന് ഒടനടി സേവാ സംസ്ഥ സ്ഥാപകനായ എം.എല്‍ പരശുറാം വ്യക്തമാക്കുന്നു.

ആണ്‍കുട്ടികള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നില്ല. അതുകൊണ്ടു തന്നെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വളരെ കുറവാണ്. കര്‍ണാടക സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോരിറ്റിയുടെ കീഴില്‍ നഷ്ടപരിഹാരം നല്‍കി തീര്‍പ്പാക്കിയ ലൈംഗിക പീഡന കേസുകളുടെ കണക്കെടുത്താല്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടികളെക്കാള്‍ ഇരട്ടിയിലധികം വരും ആണ്‍കുട്ടികള്‍ ഉള്‍പ്പെട്ട പരാതികള്‍. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ പതിയുന്നില്ലെന്ന് മാത്രം.

ലൈംഗിക അതിക്രമങ്ങള്‍ നേരിട്ട 219 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു 2020–21ല്‍ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നാണ് കര്‍ണാടക സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോരിറ്റിയുടെ കണക്ക്. 2021–22ല്‍ 187 കേസുകളിലും 2022–23ല്‍ 178 കേസുകളിലും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്‍റെ കീഴില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം നല്‍കാനുള്ള പദ്ധതികളില്ല. കൗണ്‍സിലിംഗിനും നഷ്ടപരിഹാരത്തിനും പ്രായപൂര്‍ത്തായാകാത്ത, ലൈംഗിക അതിക്രമം നേരിട്ട പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് അര്‍ഹത.

ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന ആണ്‍കുട്ടികളെ സര്‍ക്കാര്‍ പോലും കണ്ടില്ലെന്ന് നടിക്കുകയാണ്. കടുത്ത മാനസികാഘാതമാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നത്. അവരുടെ ജീവിതം തന്നെ മാറ്റിമറിക്കപ്പെടുന്നു. വീട്ടില്‍ നിന്നും സ്കൂളില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും എന്നിങ്ങനെ സാമൂഹികമായി ഇരകള്‍ക്ക് ഒളിച്ചോടേണ്ടി വരുന്നു. വിഷയം ഗൗരവമായി തന്നെ കാണേണ്ടതും കൃത്യമായ ഇടപെടലും നടപടികളും സ്വീകരിക്കേണ്ടതും അനിവാര്യമാണ്. വിശദമായ പഠനം തന്നെ ഇക്കാര്യത്തില്‍ നടത്തേണ്ടിയിരിക്കുന്നു എന്നാണ് പരശുറാം വ്യക്തമാക്കുന്നത്.

ENGLISH SUMMARY:

According to statistics made available by the State Crime Records Division, Bengaluru, the total number of minor boys, who were victims of sexual offences in the State increased from 88 in 2021 to 102 in 2022 before reaching 144 during 2023.During the year 2023, Bengaluru city accounted for the highest number of such cases at 15 followed by Hassan district, which had registered 11 cases and Udupi district, where 10 cases had been reported. Shivamogga district and Dakshina Kannada district had reported eight and seven cases respectively.