കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യവ്യാപക വേരുകളുള്ള ലഹരിമാഫിയാ സംഘങ്ങളെ പൂട്ടാന്‍ സിറ്റി പൊലീസിന്‍റെ 'ഡ്രഗ് ട്രാപ്പ്'. പത്ത് മാസത്തിനിടെ ട്രാപ്പില്‍ കുടുങ്ങിയത് വിദേശികളും ഇതരസംസ്ഥാനക്കാരുമടക്കം രണ്ടായിരത്തിലേറെ പേര്‍. രാസലഹരി നിര്‍മാണത്തിനും വിതരണത്തിനും നേതൃത്വം നല്‍കുന്ന കണ്ണികളെയടക്കം കുരുക്കിയാണ് അന്വേഷണം.
പത്ത് മാസത്തിനിടെ കൊച്ചി സിറ്റി ഡാന്‍സാഫും പൊലീസും ഓടിനടന്ന് പിടികൂടിയ ലഹരിക്കേസുകളുടെ എണ്ണം രണ്ടായിരം പിന്നിട്ടു. പിടയിലായ പ്രതികളുടെ എണ്ണം 2225. ഇതില്‍ ഇതരസംസ്ഥാനക്കാര്‍ 100, സ്ത്രീകള്‍ 14, കൂടെ നൈജീരിയക്കാരനായ ചിദേര മാക്സ് വെല്ലും. പരിശോധനകള്‍ കര്‍ശനമാക്കിയതോടെ പൊലീസിന്‍റെ കണ്ണ് വെട്ടിക്കാന്‍ വിദ്യാര്‍ഥിനികളെയും സ്ത്രീകളെയും കാരിയര്‍മാരാക്കിയുള്ള ലഹരിക്കടത്തും വര്‍ധിച്ചു.
രാസലഹരിവിതരണത്തിന് പിന്നിലേറെയും മലയാളികള്‍. ബ്രൗണ്‍ ഷുഗര്‍ വിതരണത്തിന്‍റെ കൊട്ടേഷന്‍ അസംകാരും, കഞ്ചാവിന്‍റേത് ബംഗാളുകാരും ഏറ്റെടുത്തു. ലഹരിമരുന്നുകളുടെ പട്ടികയിലെ പുത്തന്‍താരോദയം ഹൈഡ്രോ കഞ്ചാവും കൊച്ചിയില്‍ വേരിറങ്ങികഴിഞ്ഞു.
ലഹരിമരുന്ന് പിടികൂടാനും കേസെടുക്കാനും ഡാന്‍സാഫിനും അധികാരം നല്‍കിയതോടെ ലഹരിവേട്ട കൂടുതല്‍ ഊര്‍ജിതമായി.
കൊച്ചി സിറ്റി പൊലീസ് 2024 ല്‍ രജിസ്റ്റര്‍ ചെയ്ത ലഹരിക്കേസുകള്‍
ആകെ കേസുകള്‍–2001
അറസ്റ്റിലായവര്‍–2228
ഇതരസംസ്ഥാനക്കാര്‍–99
വനിതകള്‍–14
ഈ വര്‍ഷം പിടികൂടിയ ലഹരിമരുന്നിന്‍റെ കണക്ക്
കഞ്ചാവ്– 213 കിലോ
ബ്രൗണ്‍ ഷുഗര്‍–75ഗ്രാം
എംഡിഎംഎ–1.5 കിലോ
ഹാഷിഷ് ഓയില്‍–1.5 കിലോ
എല്‍എസ്ഡി സ്റ്റാംപ്–26 എണ്ണം
കൊക്കെയിന്‍–3.76ഗ്രാം
ഹൈഡ്രോ കഞ്ചാവ്-200ഗ്രാം
മുന്‍ വര്‍ഷങ്ങളില്‍ കൊച്ചി സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്ക്
വര്‍ഷം : 2021, 2022, 2023, 2024
ആകെ കേസുകള്‍: 910, 2707, 5306, 2001
അറസ്റ്റിലായവര്‍ 1091, 3214, 5836, 2228