ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ തളിപ്പാത്രം മോഷ്ടിച്ചത് ഐശ്വര്യം കിട്ടാനെന്ന് പ്രതിയുടെ മൊഴി. ഇന്ത്യന്‍ വംശജനായ ഓസ്ട്രേലിയന്‍ പൗരന്‍ ഗണേഷ് ഝായാണ് ക്ഷേത്രത്തിലെ അതീവസുരക്ഷാ മേഖലയില്‍ നിന്നും മോഷണം നടത്തിയത്. ഗണേഷിനൊപ്പം രണ്ട് സ്ത്രീകളും ഇന്നലെ പിടിയിലായി. ഒക്ടോബര്‍ പതിമൂന്നിനാണ് ഇവര്‍ മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഹരിയാനയില്‍ നിന്ന്  പിടികൂടിയ ഇവരെ ഇന്ന് കേരളത്തിലെത്തിക്കും. ഇന്ത്യയില്‍ ജനിച്ച് ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ആളാണ് ഗണേഷ് ഝാ. 

ക്ഷേത്രദര്‍ശനത്തിനെത്തിയ സംഘം വിഗ്രഹത്തില്‍ തളിക്കാന്‍ വെളളം കരുതി വയ്ക്കുന്ന പിത്തള തളിപ്പാത്രം അതിവിദഗ്ധമായി   കൈക്കലാക്കുകയായിരുന്നു. പാത്രം കാണാതായതിന് പിന്നാലെ ക്ഷേത്രം അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്തു. മോഷ്ടിച്ച പാത്രവുമായി സംഘം ഉഡുപ്പിയിലെത്തുകയും അവിടെ നിന്ന് ഹരിയാനയിലേക്ക് പോവുകയുമായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. പ്രതികള്‍ക്ക് പുരാവസ്തു കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

ENGLISH SUMMARY:

The suspects of the theft at Padmanabhaswamy Temple have been arrested. The accused stated to the police that they stole the plate in hopes of gaining wealth.