വീട്ടിലെ വൈദ്യുതി ബന്ധം ഇല്ലാതാക്കി മോഷണത്തിനെത്തിയ യുവാവ് വീട്ടമ്മയെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചു. കൊല്ലം കുന്നിക്കോട് ചേത്തടിയിലാണ് മോഷ്ടാവിന്റെ ആക്രമണം ഉണ്ടായത്. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.

കുന്നിക്കോട് ചേത്തടി കിഴക്കേപുത്തൻ വീട്ടിൽ രഘുനാഥന്റെ ഭാര്യ അനിതയ്ക്കാണ് തലയ്ക്ക് പരുക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ അനിത വീട്ടുകാർക്കൊപ്പം ടിവി കണ്ടിരുന്നപ്പോൾ പെട്ടെന്ന് വീട്ടിലെ വൈദ്യുതി പോയി. എന്നാൽ തെരുവുവിളക്ക് പ്രകാശിക്കുകയും, അടുത്തവീട്ടിലൊക്കെ വൈദ്യുതിയും ഉണ്ടായിരുന്നു. വീട്ടിലെ ഫ്യൂസ് പോയതാകാം എന്ന് കരുതി അനിത വീടിന്റെ മീറ്റര്‍ ബോക്സ് ഇരിക്കുന്ന ഭാഗത്തേക്ക് എത്തിയപ്പോഴാണ് പതുങ്ങിയിരുന്ന മോഷ്ടാവ് ആക്രമിച്ചത്. തടികക്ഷണം കൊണ്ട് അനിതയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അനിത നിലവിളിച്ചതിനെ തുടർന്ന് ഭർത്താവ് ഓടി എത്തിയപ്പോഴേക്കും മോഷ്ടാവ് ഒാടിമറഞ്ഞു. 

തലയ്ക്ക് പരുക്കേറ്റ അനിത ആശുപത്രിയില്‍ ചികില്‍സതേടി. ഉയരം കുറഞ്ഞതും ഏകദേശം ഇരുപത്തിയഞ്ച് വയസ് പ്രായമുളള മോഷ്ടാവാണ്. മെലിഞ്ഞശരീരപ്രകൃതി. കറുത്ത മുഖമൂടിയും, ടീഷർട്ടും, പാന്റുമായിരുന്നു ധരിച്ചിരുന്നത്. കുന്നിക്കോട് പൊലീസ് അന്വേഷണം തുടങ്ങി. 

ENGLISH SUMMARY:

Housewife attack amid robbery attempt