അച്ഛന്‍ ആരാണ് എന്ന് മക്കള്‍ ചോദിക്കുമ്പോള്‍ ഇതാണ് നിങ്ങളുടെ അച്ഛന്‍ എന്ന് അവരെ കാണിച്ചുക്കൊടുക്കണം, അത് മാത്രമായിരുന്നു രഞ്ജിനിയുടെ ആഗ്രഹവും ഒരേയൊരു ആവശ്യവും. എന്നാല്‍ ആ ഒറ്റക്കാരണത്താല്‍ രഞ്ജിനിക്കും ഇരട്ടക്കുഞ്ഞുങ്ങള്‍ക്കും ജീവന്‍ തന്നെ നഷ്ടമായി. ചോരമണം മാറും മുന്‍പേ ആ കുരുന്നുകളെയും പേറ്റുനോവ് മാറാത്ത യുവതിയെയും കൊന്നുതള്ളിയ ക്രൂരന്മാര്‍ വര്‍ഷങ്ങള്‍ക്കൊടുവില്‍ നിയമവ്യവസ്ഥയ്ക്ക് മുന്നിലെത്തിയിരിക്കുന്നു.
പ്രസവം നടന്ന് വെറും 16 ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് രഞ്ജിനിയും മക്കളും അതിക്രൂരമായി കൊല്ലപ്പെട്ടത്. രാജ്യം കാക്കേണ്ട സൈനികന്‍ മാനം കാക്കാന്‍ നടത്തിയ അരുംകൊല. 2006 ഫെബ്രുവരിയില്‍ കൊല്ലം അഞ്ചലില്‍ നടന്ന കൊലക്കേസില്‍ പ്രതികള്‍ പിടിയിലാകുന്നത് 19 വര്‍ഷത്തിനുശേഷം. മുന്‍ സൈനികരായ അഞ്ചല്‍ അലയമണ്‍ സ്വദേശി ദിവില്‍കുമാറും കണ്ണൂര്‍ സ്വദേശി രാജേഷുമാണ് പുതുച്ചേരിയില്‍വച്ച് സി.ബി.ഐ പിടിയിലായത്.
ALSO READ; യുവതിയെയും ഇരട്ടക്കുഞ്ഞുങ്ങളെയും കഴുത്തറുത്തു കൊന്നു; മുൻ സൈനികർ 19 വർഷത്തിനുശേഷം പിടിയിൽ
രഞ്‌ജിനിയുടെ അയൽവാസിയായിരുന്നു ദിവിൽ കുമാര്‍. പലതവണ ഇയാള്‍ രഞ്‌ജിനിയോട് മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തിരുന്നുവെന്ന് രഞ്‌ജിനിയുടെ അമ്മ പറയുന്നു. അമ്മ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ശസ്ത്രക്രിയക്കായി ആശുപത്രിയിലായിരുന്നപ്പോഴാണ് ദിവില്‍ കുമാര്‍ രഞ്‌ജിനിയെ ബലാത്സംഗം ചെയ്തത്. ആശുപത്രിയിലേക്കുള്ള പണം സംഘടിപ്പിക്കാനായി വീട്ടിലെത്തിയ രഞ്‌ജിനിയെ ബലമായി പിടിച്ചുവച്ചു, ശ്വാസംമുട്ടിച്ചു. എന്നിട്ടാണ് രഞ്‌ജിനിയെ പീഡിപ്പിച്ചത് എന്നാണ് അമ്മ പറയുന്നത്. ഇക്കാര്യം രഞ്‌ജിനി അമ്മയോട് പറഞ്ഞതുമില്ല.
എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം രഞ്‌ജിനിക്ക് പലവിധ ശാരീരിക അസ്വസ്ഥതകളുണ്ടായി. ഗര്‍ഭിണിയാണെന്ന് രഞ്‌ജിനി പോലും അറിഞ്ഞിരുന്നില്ല എന്നും അമ്മ പറയുന്നു. ഛര്‍ദ്ദിയില്‍ തുടങ്ങി അത് ശ്വാസംമുട്ടല്‍ വരെയായപ്പോള്‍ സ്കാന്‍ ചെയ്തു നോക്കി. അപ്പോഴേക്കും ആറുമാസത്തോളമായിരുന്നു. ഇതറിഞ്ഞയുടനെ ആശുപത്രിയുടെ മുന്നില്‍ തന്നെ രഞ്‌ജിനി വാഹനത്തിനു മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
രഞ്ജിനിയുടെ അവസ്ഥ കണ്ട് ഈ കുഞ്ഞുങ്ങളെ വേണോ എന്ന് ഡോക്ടര്‍ പോലും ചോദിച്ചു. എന്നാല്‍ താന്‍ ജീവനോടെയിരിക്കുമ്പോള്‍ കുഞ്ഞുങ്ങളെ ഇല്ലാതാക്കാന്‍ സമ്മതിക്കില്ലെന്ന് രഞ്ജിനി തറപ്പിച്ചു പറഞ്ഞു. ഇതിനിടെ ദിവിൽ കുമാര്‍ കൊലപാതകം ആസൂത്രണം ചെയ്യുന്ന തിരക്കിലായിരുന്നു. അതിനായി ഒരു കൂട്ടുകാരനെയും കൂടെക്കൂട്ടി. അതായിരുന്നു രാജേഷ്. രാജേഷ് രഞ്ജിനിയേയും അമ്മയേയും നേരിട്ട് കണ്ട് അവരെ സഹായിക്കാമെന്നേറ്റു. എന്നാല്‍ ചതി പിന്നീടാണ് മനസ്സിലായത്.
ഒറ്റ വീട് രണ്ടായി തിരിച്ചുള്ള വാടക കെട്ടിടത്തിന്‍റെ ഒരുഭാഗത്താണ് രഞ്ജിനിയും അമ്മയും താമസിച്ചിരുന്നത്. തൊട്ടടുത്തുള്ളവരെ ഇവര്‍ക്ക് വിശ്വാസമായിരുന്നു. എന്നാല്‍ അവരും ദിവില്‍ കുമാറിന്‍റെ കൂട്ടുകാരനാണെന്ന് അറിയാന്‍ വൈകി. അയല്‍പ്പക്കത്ത് ആളുണ്ടല്ലോ എന്നാശ്വാസത്തിലാണ് രഞ്ജിനിയെ ഒന്ന് നോക്കിക്കോണേ എന്നുപറഞ്ഞ് അമ്മ പുറത്തേക്ക് പോയത്. തിരിച്ചുവന്നപ്പോള്‍ കണ്ടത് പ്രസവിച്ച് 16 ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞുങ്ങളും രഞ്ജിനിയും ചോരയില്‍ കുളിച്ചുകിടക്കുന്നതാണ്. കുഞ്ഞുങ്ങളുടെ പിതൃത്വം ദിവില്‍ കുമാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിനി വനിതാകമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. മക്കള്‍ അച്ഛനില്ലാത്തവരായി വളരരുത് എന്നത് മാത്രമായിരുന്നു അവളുടെ ആവശ്യം എന്നും അമ്മ പറയുന്നു.
രഞ്ജിനിയും ഇരട്ടക്കുഞ്ഞുങ്ങളേയും കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിനു ശേഷം പുതുച്ചേരിയിൽ മറ്റൊരു വിലാസത്തിൽ താമസിച്ച് വരവെയാണു പ്രതികളെ സിബിഐ ചെന്നൈ യൂണിറ്റ് അറസ്റ്റ് ചെയ്തത്. രണ്ടുപേരും പേരും വിലാസവും മാറ്റി സ്കൂൾ അധ്യാപകരെ വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്ക് കടന്നിരുന്നു.