കൊച്ചിയിലെ മൊബൈല്‍ കൂട്ടകവര്‍ച്ചയില്‍ മുംബൈ ഗ്യാങിന്‍റെ മാസ്റ്റര്‍ ബ്രെയിന്‍ പ്രമോദ് യാദവെന്ന് പൊലീസ്. സംഘം പന്ത്രണ്ട് ഫോണുകള്‍ കവര്‍ന്നുവെന്ന് വിമാനതാവളത്തിലെ ദൃശ്യങ്ങളില്‍ നിന്ന് സ്ഥിരീകരിച്ചു. പ്രമോദുള്‍പ്പെടെ ഒളിവില്‍ കഴിയുന്ന നാല് പ്രതികള്‍ക്കായി മറ്റ് സംസ്ഥാനങ്ങളില്‍ അന്വേഷണം തുടരും.
Read Also: മൊബൈല്‍ കൂട്ടക്കവര്‍ച്ച; അഞ്ച് ഫോണുകൾ കൊച്ചിയില്‍ നിന്നും കവര്‍ന്നതെന്ന് സ്ഥിരീകരിച്ചു
താനെയിലെ ഫ്ലാറ്റില്‍ നിന്ന് പിടിയിലായ മുംബൈ ഗ്യാങിലെ സണ്ണി ഭോല യാദവ്, ശ്യാം ഭാരന്‍വാല്‍ എന്നിവരില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. കട്ടിലിനുള്ളില്‍ ഒളിച്ചിരുന്നവരെ പിടികൂടിയെങ്കിലും നാല് മൊബൈലുകള്‍ മാത്രമാണ് ഇവരില്‍ നിന്ന് കണ്ടെത്താനായത്. മൊത്തം എത്രഫോണുകള്‍ കവര്‍ന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരാണ് ഫോണുകള്‍ കൊണ്ടുപോയതെന്നുമാണ് മൊഴി.
കവര്‍ച്ചയ്ക്കായി വിമാനത്തിലെത്തി വിമാനത്തില്‍ തന്നെ മടങ്ങിയ സംഘത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. വിമാനതാവളത്തിലെ ദൃശ്യങ്ങളില്‍ നാലംഗ സംഘത്തിന്‍റ കയ്യില്‍ പന്ത്രണ്ട് ഫോണുകളുള്ളതായി കണ്ടെത്തി. പരിശോധനയ്ക്ക് മുന്‍പ് ഇവ ട്രായിലേക്ക് മാറ്റുന്നതാണ് ദൃശ്യങ്ങളില്‍. കൂടുതല്‍ ഫോണുകള്‍ക്കായി മുംബൈയിലെ കടകളില്‍ പൊലീസ് അരിച്ചുപെറുക്കിയെങ്കിലും ഫലമുണ്ടായില്ല.
മുംബൈ ഗ്യാങിന് പുറമെ ഡല്‍ഹി ഗ്യാങിലെ രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവരെ ട്രാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കവര്‍ന്ന ഫോണുകള്‍ വില്‍പന നടത്തിയ സംഘങ്ങളിലേക്കും അന്വേഷണം വ്യാപിപിക്കും.