mumbai-crime

TOPICS COVERED

ഡിജെ കണ്‍‌സോള്‍ ശരിയാക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ കൊലപ്പെടുത്തി യുവാവ് . ഡല്‍ഹി ഗൈസാബാദിലാണ് ചോരമരവിക്കുന്ന ക്രൂരമായ കൊലപാതകം. 43 കാരിയായ സംഗിത ത്യാഗിയെയാണ് മകന്‍ സുധീറും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

ഒക്ടോബര്‍ മൂന്നിനാണ് ഡല്‍ഹി ട്രോണിക്ക സിറ്റി പരിസരത്തുനിന്ന് സംഗിത ത്യാഗിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറംലോകമറിയുന്നത്. പൊലീസ് അന്വേഷണത്തില്‍ മകന്‍ സുധീര്‍ നേരത്തേ മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് കണ്ടെത്തി. ഡിജെയായി ജോലി ചെയ്തിരുന്ന ഇയാള്‍ ലഹരിക്ക് അടിമയായിരുന്നു. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ സുധീര്‍ കുറ്റം സമ്മതിച്ചു.

വീടിനടുത്ത് തന്നെയുള്ള ചെറിയ തുണിക്കടയിലായിരുന്നു സംഗിത ത്യാഗി ജോലി ചെയ്തിരുന്നത്. അടുത്തിടെ തന്‍റെ കേടായ ഡിജെ കണ്‍സോള്‍ ശരിയാക്കാനായി മകന്‍ സുധീര്‍ 20000 രൂപ സംഗിതയോട് അവശ്യപ്പെട്ടു. എന്നാല്‍ ലഹരിവസ്തുക്കള്‍ വാങ്ങാനാണെന്ന് സംശയിച്ച സംഗിത പണം നല്‍കാന്‍ തയ്യാറായില്ല. ഈ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അന്ന് മുതല്‍ അമ്മയെ വകവരുത്താനായിരുന്നു സുധിറിന്‍റെ പ്ലാന്‍.

ഒക്ടോബര്‍ മൂന്നാം തീയതി രാത്രിയോടെ സുധീര്‍ തന്ത്രപൂര്‍വം അമ്മയെ ബൈക്കില്‍ കയറ്റി വീടിന് പുറത്തേക്ക് പോയി. താന്‍ മരണത്തിലേക്ക് നടന്നടുക്കുകയായിരുന്നുവെന്ന് മകനൊപ്പം യാത്രചെയ്യുകയായിരുന്ന അമ്മ തിരിച്ചറിഞ്ഞില്ല. സുധീറിനെയും അമ്മയെയും കാത്ത് സുഹൃത്തുക്കളായ അങ്കിതും സച്ചിനും വഴിയരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് സമീപമെത്തിയ ശേഷം മൂവരും ചേര്‍ന്ന് സംഗീതയെ കല്ല് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.അടിയേറ്റ് ചോരവാര്‍ന്ന് മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ട്രോണിക്ക സിറ്റിയില്‍ ഉപേക്ഷിച്ചു . തുടര്‍ന്ന് മൂവരും അവിടെ നിന്ന് കടന്നു കളഞ്ഞു.

സിസിടിവി തെളിവുകള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. പിടിയിലായ മകന്‍ സുധിര്‍ ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ട ക്രിമിനലാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേരും അറസ്റ്റിലായി

ENGLISH SUMMARY:

Son And Friends Kil Women Who Refused Money To Repair DJ Console