ടിക്കറ്റെടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത കണ്ടക്ടറെ യാത്രക്കാരന്‍ ഇടിച്ചു കൊന്നു. ചെന്നൈ അമിഞ്ചിക്കരൈയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ചെന്നൈ മെട്രോപൊളീറ്റന്‍ കോര്‍പറേഷന്‍ ബസിലെ ഡ്രൈവറായ ജഗന്‍ കുമാറാ(52)ണ് കൊല്ലപ്പെട്ടത്. സെയ്ദാപ്പെട്ട് സ്വദേശിയാണ് ജഗന്‍. സംഭവത്തില്‍ ഗോവിന്ദന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി എം.കെ.ബി നഗറില്‍ നിന്നും കോയമ്പേടിലേക്കുള്ള യാത്രയ്ക്കിടെയാണ് ദാരുണ സംഭവം ഉണ്ടായത്. രാത്രി ഏഴരയോടെ ബസ് മുല്ലൈ നഗര്‍ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തി. ഇവിടെ നിന്നും മുപ്പതോളം യാത്രക്കാരാണ് കയറിയത്. ബസില്‍ കയറിയ ഗോവിന്ദനോട് കണ്ടക്ടര്‍ ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടത് തര്‍ക്കത്തിനിടയാക്കി.
തര്‍ക്കം മൂത്തതോടെ ഗോവിന്ദനെ കണ്ടക്ടര്‍ ടിക്കറ്റ് മെഷീന്‍ കൊണ്ട് അടിച്ചു. ഇതോടെ യാത്രക്കാരന്‍ തിരിച്ചടിച്ചു. ഇരുവര്‍ക്കും സാരമായി പരുക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജഗന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ് ചികില്‍സയിലുള്ള ഗോവിന്ദന്‍റെ അറസ്റ്റ് പൊലീസെത്തി രേഖപ്പെടുത്തി.
കണ്ടക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എം.ടി.സി ജീവനക്കാര്‍ ചെന്നൈ നഗരത്തില്‍ മിന്നല്‍ പണിമുടക്ക് നടത്തി. രാത്രി സര്‍വീസുകളില്‍ ജീവനക്കാരുടെ സുരക്ഷയ്ക്കായി പൊലീസിനെ നിയമിക്കണമെന്നാണ് ബസ് ജീവനക്കാരുടെ ആവശ്യം.