മലപ്പുറം നിലമ്പൂരില്‍ സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പത്താം ക്ലാസുകാരിയെ കൈകള്‍ ബന്ധിച്ച് വനത്തിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. അകമ്പാടം എരഞ്ഞിമങ്ങാട് പൂക്കോളന്‍ നിഷാദിനേയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണ്‍ 10നാണ് സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോകും വഴി പതിനാറുകാരി ആക്രമിക്കപ്പെട്ടത്. ആളനക്കമില്ലാത്ത ഭാഗത്തു വച്ച് കടന്നു പിടിച്ച പ്രതി പെണ്‍കുട്ടിയുടെ കൈകള്‍ ഷാള്‍ ഉപയോഗിച്ച് പിന്നോട്ട് ബന്ധിച്ച ശേഷം വനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. ലൈംഗീക പീഡനത്തിനുളള ശ്രമത്തിനിടെ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാരെത്തിയത്. ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് പ്രതി  രക്ഷപ്പെടുകയായിരുന്നു.

പെണ്‍കുട്ടി നല്‍കിയ സുചനപ്രകാരം പ്രതിയുടെ ശരീരഘടന മനസിലാക്കിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരേക്കുറിച്ചുളള വിവരങ്ങളും നാട്ടുകാരില്‍ നിന്ന് ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് നിഷാദ് അറസ്റ്റിലായത്. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സി.ഐ മനോജ് പറയട്ടയുടെ നേതൃത്വത്തില്‍ എഎസ്ഐ. ഇ.എന്‍. സുധീര്‍, സിപിഒ മാരായ ബിജേഷ്, കെ. പ്രിന്‍സ്, അനസ്, മനു, സന്ധ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

ENGLISH SUMMARY:

In Nilambur, Malappuram, a tenth-grade girl who was returning home from school was allegedly dragged into the woods with her hands tied in an attempt to assault her. The suspect, Nishad from Akampadam Eranjimangad, has been arrested by the Nilambur police.