തിരുവനന്തപുരം ബാലരാമപുരത്ത് വളത്തിന്റെ മറവില്‍ വന്‍ പാന്‍മസാല കടത്ത്. എക്സൈസിനെ വെട്ടിച്ച കടക്കാന്‍ ശ്രമിച്ച വാഹനത്തെ പിന്തുടര്‍ന്ന് ആയിരത്തി മുന്നൂറ് കിലോയോളം പാന്‍മസാല പിടികൂടി. അഞ്ച് ലക്ഷം രൂപയും വാഹനത്തില്‍ നിന്ന് കണ്ടെടുത്തു.
ഒറ്റനോട്ടത്തില്‍ വളവുമായി പോകുന്ന വണ്ടിയെന്നേ തോന്നു. വാനില്‍ അടുക്കി വെച്ചിരിക്കുന്ന വളം ചാക്ക്. രാവിലെ ബാലരാമപുരത്ത് പരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘം ഈ വണ്ടി കണ്ട് കൈകാണിച്ചു. ഡ്രൈവര്‍ നിര്‍ത്താതെ കുതിച്ചതോടെ എക്സൈസ് സംഘം പിന്തുടര്‍ന്നു. നെയ്യാറ്റിന്‍കര വച്ച് പിടികൂടി വണ്ടി പരിശോധിച്ചപ്പോളാണ് കിലോകണക്കിന് പാന്‍മസാലയും കെട്ടുകണക്കിന് നോട്ടും കണ്ടെത്തിയത്.
പിടിയിലായ മലപ്പുറത്തുകാരായ റാഫിയും ഷാഹിദും കാരിയേഴ്സ് മാത്രമെന്നാണ് എക്സൈസിന്റെ നിഗമനം. പെരുമ്പാവൂരില്‍ നിന്ന് സാധനം നെയ്യാറ്റിന്‍കര, ബാലരാമപുരം, വിഴിഞ്ഞം, കാട്ടാക്കട ഭാഗത്തെത്തിച്ച് നല്‍കുകയായിരുന്നു ഇവരുടെ ജോലി. നിരോധിത പാന്‍മസാല കച്ചവടത്തിന് പിന്നില്‍ വന്‍ലോബിയെന്നും കരുതുന്നു.