thenkurushi-honor-killing-c

TOPICS COVERED

ദുരഭിമാനത്തിന്‍റെ പേരില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ അച്ഛന് തൂക്കുകയര്‍ നല്‍കണമെന്ന് മകള്‍. പാലക്കാട് തേങ്കുറിശ്ശി കൊല്ലത്തറ സ്വദേശി ഹരിതയാണ് പിതാവിനും അമ്മാവനും പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടത് . കേസിലെ പ്രതികളായ  പ്രഭുകുമാറിന്‍റെയും  സുരേഷ് കുമാറിന്‍റെയും ശിക്ഷ  തിങ്കളാഴ്ച പാലക്കാട്  അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കും. ഇതര സമുദായത്തിലുള്ള യുവാവിനെ വിവാഹം കഴിച്ചതിന്‍റെ  വൈരാഗ്യത്തില്‍ ഹരിതയുടെ പിതാവും അമ്മാവനും ചേര്‍ന്ന് അനീഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

 

കഴുത്തിലെ താലി അറുത്തെടുത്ത് കണ്ണീര് കുടിപ്പിക്കുമെന്ന് മകളെ വെല്ലുവിളിച്ച പ്രഭുകുമാര്‍ വിവാഹം കഴിഞ്ഞ് എണ്‍പത്തി എട്ടാം നാള്‍ ഹരിതയെ വിധവയാക്കി. 2020 ക്രിസ്മസ് ദിനത്തില്‍ ബൈക്കിലെത്തിയ പ്രഭുകുമാറും സുരേഷ് കുമാറും ചേര്‍ന്ന് അനീഷിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. പിതാവ് തന്നെ പ്രിയപ്പെട്ടവിന്‍റെ കൊലയാളിയാതിനാല്‍ സ്വന്തം വീട്ടിലേക്കിനി  മടങ്ങേണ്ടതില്ലെന്ന് ഹരിതയും തീരുമാനിച്ചു. ഭര്‍ത്താവിനെ  കൊലപ്പെടുത്തിയവര്‍ക്ക്  പരമാവധി ശിക്ഷ കിട്ടാന്‍ ഭീഷണിയും വെല്ലുവിളികളും മറികടന്നുള്ള നിയമപോരാട്ടത്തില്‍ ഹരിതയും  മുന്നില്‍ നിന്നു.  കേസില്‍ പ്രതികള്‍ രണ്ടുപേരും കുറ്റക്കാരാണെന്ന്  കോടതി കണ്ടെത്തുകയും ചെയ്തു.

നഷ്ടപ്പെട്ടതിന് പകരമാവില്ലെങ്കിലും പ്രതികള്‍ക്ക്  മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയിലാണ് മരിച്ച അനീഷിന്‍റെ കുടുംബം.. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്. ഹരിത ഉള്‍പ്പെടെ  51സാക്ഷികളെ വിസ്തരിച്ചു. കേസില്‍ കൃത്യമായ സാക്ഷിമൊഴികളും തെളിവുകളും ഹാജരാക്കാന്‍ പ്രോസിക്യൂഷനായി. കോടതിയെ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന ചോദ്യത്തോട് ഇരുപ്രതികളും മൗനംപാലിച്ചു. 

ENGLISH SUMMARY:

The verdict in the Thenkurushi honor killing case was postponed to Monday